Monday, December 29, 2025

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും; അധ്യയനം വൈകിട്ട് വരെ; മാനദണ്ഡങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും(Schools Opening In Kerala). ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകളാണ് വൈകുന്നേരം വരെ ഉണ്ടാവുക.

എന്നാൽ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കും. എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 10, 11, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ കണക്കിലെടുത്താണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കിയത്. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക, റിവിഷൻ പൂർത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകൾ നൽകുക, മോഡൽ പരീക്ഷയ്‌ക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവർത്തന സമയം രാവിലെ മുകൽ വൈകിട്ടുവരെ ക്രമീകരിക്കുന്നത്. ഫെബ്രുവരി 14 മുതലാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്.

ഫെബ്രുവരി ഏഴ് മുതൽ 12 വരെ ഓൺലൈൻ ക്ലാസുകൾ തുടരും. ക്ലാസുകളുടെ സമയക്രമം സംബന്ധിച്ച മാർഗ്ഗരേഖ സർക്കാർ ഇന്ന് പുറത്തിറക്കും. കർശന മാനദണ്ഡം പാലിച്ചായിരിക്കണം സ്‌കൂളുകളുടെ പ്രവർത്തനം എന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കുറഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്.

Related Articles

Latest Articles