Thursday, October 8, 2026

ദേശീയ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേട് ; ചിത്ര രാമകൃഷ്‌ണന്റെ ‘ഹിമാലയൻ യോഗി’യെ കണ്ടെത്തി; ഞെട്ടലിൽ അന്വേഷണസംഘം

ദില്ലി: നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ (Stock Exchange) 44 കോടിയുടെ ക്രമക്കേടിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തി സിബിഐ. ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അറസ്റ്റിലായ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യനാണ് കേസിലെ ‘ഹിമാലയൻ സന്യാസി’യെന്ന് സിബിഐ വ്യക്തമാക്കി. ഹിമാലയത്തിലെ ഒരു ‘സന്യാസി’യുടെ താല്‍പര്യപ്രകാരമാണ് എന്‍എസ്‌ഇ മുന്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണന്‍ ക്രമക്കേട് നടത്തിയതെന്നു സിബിഐ കണ്ടെത്തിയിരുന്നു.

ആനന്ദ് സുബ്രഹ്മണ്യനാണ് ചിത്രയുമായി ഇമെയിൽ വഴി ആശയവിനിമയം നടത്തിയ ‘സന്യാസി’യെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ‘സന്യാസി’യുടെ സ്വാധീനത്തിൽ ചിത്ര എടുത്ത തീരുമാനങ്ങളിലൊന്നാണ് ആനന്ദിന്റെ വിവാദ നിയമനമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പറഞ്ഞിരുന്നു. ഫെബ്രുവരി 19, 20, 21, 24 തീയതികളിൽ ആനന്ദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 11ന് ചെന്നൈയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles