Thursday, January 8, 2026

സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയത് വീട്ടിലറിഞ്ഞു; 10ാംക്ലാസുകാരി ജീവനൊടുക്കി

കൊല്ലം: കൊല്ലം പുത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയത് വീട്ടിലറിഞ്ഞതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വച്ച്‌ കുട്ടി കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നീലിമയാണ് ആത്മഹത്യ ചെയ്തത്.

സ്കൂള്‍ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് അവധി നൽകിയിരുന്നു.എന്നാൽ നീലിമ കൂട്ടുകാരുമൊത്ത് സ്കൂൾ ഉണ്ടെന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങുകയായിരുന്നു. തുടർന്ന് സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാർത്ഥികള്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കാണുകയും അവർ വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.

ഇതോടെ അധ്യാപകരെത്തി വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് ഇവരുടെ തന്നെ ഒരു ബന്ധുവിന്റെ വീടിന് മുന്നിലെത്തിയപ്പോൾ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടി. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തെ പറ്റി പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles