Sunday, May 19, 2024
spot_img

കെ എസ് ആർ ടി സി നാലമ്പല തീർഥാടന യാത്രയ്ക്ക് തുടക്കമായി; വഴിപാടിനും ദർശനത്തിനും പ്രത്യേക സൗകര്യമൊരുക്കും

കണ്ണൂർ: ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സി കണ്ണൂരിൽ നിന്നും ആരംഭിച്ച നാലമ്പല തീർഥാടന യാത്ര ഡി ടി ഒ വി മനോജ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ നടത്തുന്നത്. വഴിപാടിനും ദർശനത്തിനും പ്രത്യേക സൗകര്യമുണ്ടാകും. സെമി സ്ലീപ്പർ എയർ ബസിൽ വൈകീട്ട് ആറ് മണിക്കാണ് കണ്ണൂരിൽ നിന്നും യാത്ര ആരംഭിക്കുന്നത്.

ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ജൂലൈ 17 മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മഴമൂലം മാറ്റിക്കാക്കുകയായിരുന്നു. ജൂലൈ 24ന് വയനാട്ടിലെ ‘എൻഊര്’ ആദിവാസി പൈതൃക ഗ്രാമത്തിലേക്ക് കെ എസ് ആർ ടി സിയുടെ യാത്ര തുടങ്ങും. മഴ കാരണം നിർത്തിവെച്ച വാരാന്ത്യത്തിലെ മൂന്നാർ യാത്ര ജൂലൈ 24ന് തുടങ്ങും.

ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ഡി ടി ഒ അനിൽകുമാർ അധ്യക്ഷനായി. ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ സജിത്ത് സദാനന്ദൻ, എ ഡി ഇ മാരായ ദാമോദരൻ, നിതീഷ്, വെഹിക്കിൾ സൂപ്പർവൈസർ പി ജെ ജോസഫ് , മാർക്കറ്റിംഗ് മാനേജർ എം പ്രകാശൻ, കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ ടി രാജേഷ്, കണ്ണൂർ-കാസർകോട് ജില്ലാ ബഡ്ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ കെ ജെ റോയ്, അസിസ്റ്റന്റ് കോർഡിനേറ്റർ കെ ആർ തൻസീർ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിഗിനും ബന്ധപ്പെടുക: 9605372288, 8089463675, 8390508305.

Related Articles

Latest Articles