Tuesday, April 30, 2024
spot_img

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 5 പ്രതികളുടെ വീട്ടിലും ഒരേസമയം ഇഡി റെയ്ഡ്, പരിശോധന സുരക്ഷാ ഉദ്യോഗസ്ഥരെ കാവൽ നിർത്തി

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എൻഫോഴ്സ്മെൻ്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം ആണ് എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തുന്നത്. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ ,ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഇവർ കാവൽ നിർത്തിയിട്ടുണ്ട്.

300 കോടിയോളം രൂപയുടെ തട്ടിപ്പാണ് സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ അരങ്ങേറിയത്. ബാങ്കിലെ അഴിമതിയെക്കുറിച്ച് സൂചന കിട്ടിയ സിപിഎം 2018ൽ ബാങ്കിലെ സംശയാസ്പദമായ ഫയലുകൾ ഒരു അലമാരയിലാക്കി പൂട്ടി. ഈ ഫയലുകളാണു പിന്നീടു സഹകരണ അന്വേഷണ സംഘത്തിനു കൈമാറിയത്. 2017 ഡിസംബറിലാണ് അഴിമതി നടക്കുന്നുവെന്ന സൂചന പുറത്തുവന്നത്. ബാങ്കിലെ പണം തിരികെ വേണമെന്നാവശ്യപ്പെട്ടു സമരത്തിലാണു നിക്ഷേപകർ.

കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. പണം തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാ‍ഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

അതേസമയം, ന്യായമായ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതുവരെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് ഇനി പണം നല്‍കരുതെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചു. ഏറ്റവും അത്യാവശ്യമുള്ളവര്‍ക്കു പണം നല്‍കാം. എന്നാല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി.

Related Articles

Latest Articles