രാജ്യത്തെ സംരംഭകരുടെ ഉന്നമനവും, സ്വയം തൊഴില്‍ പ്രോല്‍സാഹിപ്പിക്കലും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വായ്പാ പദ്ധതിയാണ് മുദ്ര. ഈടില്ലാതെ 10 ലക്ഷം രൂപവരെ വായ്പ വാഗ്ദാനം ചെയ്ത പദ്ധതി ചുരുങ്ങിയ സമയംകൊണ്ട് വലിയ ജനശ്രദ്ധ നേടി. എന്നാൽ ഈ പദ്ധതിയുടെ പേരിൽ ചില സംഘങ്ങൾ നടത്തുന്ന ഓൺലൈൻ തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ഞങ്ങൾ ഇന്ന് പുറത്ത് വിടുന്നത്. കേരള സേവനം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് നിങ്ങളുടെ ഫേസ്ബുക്കിലേക്ക് ആദ്യ സന്ദേശമെത്തുക. കേരള സേവനം ഫിനാൻഷ്യൽ പ്ലാനർ എന്ന ഫേസ്ബുക് പേജിൽ വായ്‌പ്പാ സേവനം, പാൻകാർഡ് എന്നിങ്ങനെ നിരവധി സേവനങ്ങളുടെ പരസ്യങ്ങളുണ്ട്. ഇതിൽ Mr . ജിതിൻ കെ എസ് ബ്രാഞ്ച് മാനേജർ എന്ന പേരിൽ നൽകിയിരിക്കുന്ന ഈ വാട്സാപ്പ് നമ്പറിലേക്ക് വിളിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ഫേസ്ബുക്കിന്റെ സ്‌പോൺസേർഡ് പരസ്യങ്ങളാണ് തട്ടിപ്പിനായി ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നത്. പ്രയാസങ്ങളേതുമില്ലാതെ ബാങ്കുകളെ സമീപിക്കാതെ തന്നെ ചുരുങ്ങിയ രേഖകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് മുദ്രാലോൻ ലഭ്യമാക്കുന്നു എന്ന വാഗ്ദാനമാകും ആദ്യമെത്തുക. നിങ്ങളതിൽ താല്പര്യം കാണിച്ചാൽ മുദ്രാലോൺ ഓൺലൈൻ അപേക്ഷക്കുള്ള ഒരു ലിങ്ക് മൊബൈലിൽ ലഭിക്കും. ആ ലിങ്കിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ മുദ്രാലോണിന്റെയും ഇന്ത്യാ ഗവൺമെന്റിന്റെയും വ്യാജ മുദ്രയോക്കെ പതിപ്പിച്ച് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഒക്കെ ഉൾക്കൊള്ളിച്ച ഒരു പി ഡി എഫ് ഡോക്യൂമെന്റും നിങ്ങളിലേക്കെത്തും. അപേക്ഷകന് ലോൺ അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞു എന്ന് വിശ്വസിപ്പിക്കുന്നതിനായാണ് ഇത്തരം രേഖകൾ ചില സോഫ്ട്‍വെയറുകളുടെ സഹായത്തോടെ അവർ നിങ്ങൾക്കയക്കുന്നത്. വായ്പ്പയുടെ വിഷാദശാംശങ്ങളും ഇ എം ഐ കാൽക്കുലേറ്റർ ഉൾപ്പെടെ വാട്സ്ആപ്പിൽ ലഭിക്കുമ്പോൾ മിക്കവാറും ആളുകൾ അത് വിശ്വസിച്ചു പോകുന്നു. പലരും മുദ്രാലോണിനായി ബാങ്കുകളെ സമീപിച്ച് ബാങ്ക് മാനേജരുടെ ഭാഗത്തുനിന്നും നെഗറ്റിവ് മറുപടി കേട്ട് നിരാശരായിരിക്കുന്നവരുമായിരിക്കും. അത്തരക്കാർ വേഗത്തിൽ ഈ ചതിയിൽ വീണുപോകുന്നു. ആധാറും പാൻകാർഡും ഉൾപ്പെടെയുള്ള രേഖകളും തട്ടിപ്പു സംഘങ്ങൾ അയച്ചുനൽകാൻ ആവശ്യപ്പെട്ടേക്കും. ഓൺലൈൻ അപേക്ഷ സമർപ്പിച്ച് അൽപ്പ സമയം കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് അതിന്റെ സ്റ്റാറ്റസിനെ സംബന്ധിക്കുന്ന ചില സന്ദേശങ്ങളും ലഭിച്ചേക്കാം. പിറ്റേ ദിവസം തന്നെ നിങ്ങൾക്ക് ലോൺ അനുവദിച്ചതായി സന്ദേശമെത്തും. തൊട്ടുപുറകേ ലോൺ നടപടിക്രമങ്ങൾ പൂർത്തിയായതായും വായ്പ്പയുടെ ഭാഗമായി ഇൻഷുറൻസ് പോളിസി എടുക്കേണ്ടതുണ്ടെന്നും അതിന്റെ പ്രീമിയം തുകയായി 2000 മുതൽ 10000 രൂപ വരെ ആവശ്യപ്പെട്ടുകൊണ്ട് സന്ദേശമെത്തും. ഒപ്പം ഗൂഗിൾ പേ പോലുള്ള ഫണ്ട് ട്രാൻസ്ഫെർ ആപ്പുകൾ ഉപയോഗിച്ച് പണമടക്കാനുള്ള ഒരു ക്യു ആർ കോഡ് നിങ്ങളുടെ മൊബൈലിലെത്തും. തട്ടിപ്പുകാരുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ക്യു ആർ കോടാണിത്. ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥരുടെ പേരും ഡെസിഗ്നേഷനും അടക്കമുള്ള വിവരങ്ങൾ ഈ ക്യു ആർ കോഡിൽ വ്യാജമായി എഴുതി ചേർത്തിട്ടുണ്ടാകും. ഇത് സ്കാൻ ചെയ്ത് പണമടക്കുന്നതോടെ തട്ടിപ്പ് പൂര്ണമാകും. വാട്സ് ആപ്പിലേക്ക് സന്ദേശങ്ങൾ വരുന്ന നമ്പറിലേക്ക് നമുക്ക് ബന്ധപ്പെടാൻ സാധിക്കില്ല. മലയാളത്തിലാണ് സന്ദേശങ്ങളെങ്കിലും ഉത്തരേന്ത്യയിലെവിടെയെങ്കിലുമായിരിക്കും തട്ടിപ്പുകാരുടെ യദാർത്ഥ ലൊക്കേഷൻ. ഗൂഗിൾ ട്രാസ്ലേറ്റർ ഉൾപ്പെടെയുള്ള പരിഭാഷാ സോഫ്ട്‍വെയറുകൾ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് സന്ദേശങ്ങൾ കൈമാറുന്നത്. നിരവധിയാളുകളാണ് ഇതിനോടകം തന്നെ തട്ടിപ്പിന് വിധേയരായത്. പണം നഷ്ടമായിക്കഴിഞ്ഞാൽ പരാതിപ്പെടാൻ മാർഗ്ഗങ്ങളില്ലാതെ മറച്ചുവക്കുകയാണ് ഈ തട്ടിപ്പിന് ഇരയായവർ. ഇത്തരം തട്ടിപ്പ് നടത്തുന്നവരിൽ ഒരു സംഘം മാത്രമാണ് ഈ കേരള സേവനം ഫേസ്ബുക്ക് പേജ്. ഇന്ത്യയൊട്ടുക്കും വ്യാപിച്ചു കിടക്കുന്ന ഒരു ശ്രിംഖലയാണിത് എന്നതിൽ തർക്കമില്ല. രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിക്കുന്ന മുദ്രാ വായ്‌പ്പാ പദ്ധതി ചെറുകിട നാമമാത്ര സംരംഭകർക്കിടയിൽ ജനകീയമാകുകയാണ്. തെരുവ് കച്ചവടക്കാരെ പോലും ബാങ്കിങ് സംവിധാനത്തിന് കീഴിൽ കൊണ്ടുവന്ന ചരിത്ര പദ്ധതിയാണ് മുദ്ര. ഈ സാമ്പത്തിക വർഷം തന്നെ 1.58 ലക്ഷം കോടി രൂപയാണ് മുദ്രാവായ്പ്പയായി വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിതരണം ചെയ്തത്. സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ വായ്പ്പ പുതിയ റെക്കോർഡ് സൃഷ്ടിക്കും എന്നതിൽ തർക്കമില്ല. ഈ ജനകീയ പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നത് എന്നതാ ആശങ്കാ ജനകമാണ്.