Wednesday, October 28, 2026

മലയാലപ്പുഴ മന്ത്രവാദ കേസ്; ചതി, വിശ്വാസവഞ്ചന ‘വാസന്തി മഠം’ നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ അനധികൃതമായി മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പുതിയപ്പാട് സ്വദേശികളായ ശോഭന, ഉണ്ണികൃഷ്ണൻ എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വാസന്തീ മഠം എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കുട്ടികളെ ഉൾപ്പെടെ മന്ത്രവാദത്തിന് വിധേയമാക്കുന്നതായി കണ്ടെത്തിയിരുന്നു.

നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകൾ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ജയിപ്പിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. പലരും ഇവിടെ അതിനായി കുട്ടികളെ കൊണ്ടുവരാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എതിർത്ത് സംസാരിക്കുന്നവരെ ദമ്പതികൾ ഗുണ്ടകളെ വിട്ട് ആക്രമിക്കുകയും ചെയ്യാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തിൽ നാട്ടുകാരുടെയും ബിജെപി പ്രവർത്തകരുടെയും പ്രതിഷേധത്തെ തുടർന്നാണ് പോലീസ് എത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കുകയെന്ന് പോലീസ് അറിയിച്ചു.

മഠത്തിന് മുന്നിൽ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ കൂടിയിരുന്നു. യുവമോർച്ച, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ തുടങ്ങിയ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തിൽ എത്തിയത്. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Related Articles

Latest Articles