ദില്ലി : മുഖ്യമന്ത്രി പിണറായി വിജയനെ പാർലമെന്റിൽ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് ഉണ്ടാക്കാൻ 100 കോടിയുടെ ചിലവാണെന്ന് ഗഡ്കരി ആരോപിച്ചു. 25 ശതമാനം ഭൂമിയുടെ പണം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്നും, എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും ഗഡ്കരി ആരോപിച്ചു.
രാജ്യത്തെ മൊത്തം ദേശീയപാതാ നിർമ്മാണത്തെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങൾക്ക് ലോക്സഭയിൽ മറുപടി പറയുമ്പോഴായിരുന്നു കേരളത്തിന്റെ പിന്നോട്ടുപോക്കിനെ ഗഡ്കരി വിമർശിച്ചത്. കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 100 കോടി രൂപയാണ് ചെലവ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെലവുകളെ കുറിച്ചും, നിലവിൽ കേരളത്തിൽ നടക്കുന്ന ദേശീയ പാതാ നിർമ്മാണവും മുൻനിർത്തിയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമർശനം.
ഭൂമി വിലയുടെ 25 ശതമാനം കേരളം വഹിക്കാമെന്ന് കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയൻ പറഞ്ഞിരുന്നു. അക്കാര്യം താനുമായി സംസാരിച്ച് ഉറപ്പാക്കുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം കേന്ദ്ര മന്ത്രാലയവുമായി സംസാരിക്കുകയും, 25 ശതമാനം ഭൂമിയുടെ വില സംസ്ഥാനത്തിന് നൽകാൻ കഴിയില്ലെന്ന് അറിയിച്ച് പിന്മാറുകയുമായിരുന്നു. പിന്നീട് ഒരു നീക്കുപോക്ക് എന്ന നിലയിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിർമ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കിയും, സർക്കാർ ഭൂമി ഉണ്ടെങ്കിൽ അത് ദേശീയപാതാ നിർമ്മാണത്തിന് സൗജന്യമായി വിട്ട് നൽകിയും പകരം നീക്കു പോക്ക് നടത്തുകയാണ് ചെയ്തതെന്നും ഗഡ്കരി വ്യക്തമാക്കി. കേരളത്തിലെ എംപിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രി വിമർശനം ഉന്നയിച്ചത്.

