Monday, October 19, 2026

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി. ആകെ 11 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എക്‌സിലൂടെ സ്ഥിരീകരിച്ചു.

പശ്ചിമേഷ്യയില്‍ സാഹചര്യം സങ്കീര്‍ണ്ണമാകുന്നതിനിടയിലാണ് ഒമാന്‍ തീരത്തെ സോഹാര്‍ ആങ്കറേജില്‍ വെച്ച് കപ്പലിന് നേരെ ഈ ആക്രമണമുണ്ടായത്. പ്രാദേശിക കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും സജീവമായി നടന്നു വരുന്നുണ്ട്. ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനും ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കാണാതായവരെ കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

ഈ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യന്‍ നാവികരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും, മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും നിലവിലുള്ള സംഘര്‍ഷത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Related Articles

Latest Articles