നമ്മുടെ ശരീരം കൃത്യമായി പ്രവർത്തിക്കണമെങ്കിൽ നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഒരു ദിവസം കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണം എന്നാണ് പറയുന്നത്.എന്നാൽ, പലർക്കും വെള്ളം കുടിക്കാൻ മടിയാണ്. നമ്മൾ കൃത്യമായി വെള്ളം കുടിക്കാതിരുന്നാൽ അത് പല വിധത്തിലും ശരീരത്തെ ബാധിക്കും.നമ്മുടെ ശരീരത്തിന്റെ 70% വെള്ളമാണ്. നമ്മൾ വെള്ളം കൃത്യമായി കുടിക്കാതിരിക്കുമ്പോൾ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെയാണ് ബാധിക്കുന്നത്.
കാലാവസ്ഥ ഏതായാലും ശരീരം നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തണം. എന്നാൽ, ശരീരത്തിൽ വെള്ളം കൃത്യമായ അളവിൽ ഇല്ലെങ്കിൽ ചിലപ്പോൾ അതിന് സാധിച്ചെന്ന് വരികയില്ല.
കൂടാതെ, ദഹനം കൃത്യമായി നടക്കുന്നതിനും ഇലക്ട്രോലൈറ്റ് ബാലൻസ് ചെയ്യുന്നതിനും ശരീരഭാരം നിയന്ത്രിച്ച് നിലനിർത്തുന്നതിനും ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്നതിനും വെള്ളം അനിവാര്യം തന്നെ. വെള്ളം കുടിക്കാതിരിക്കുമ്പോൾ, ഈ പ്രവർത്തനങ്ങളൊന്നും തന്നെ കൃത്യമായി നടക്കാതെ ആകുന്നു.നമ്മൾ വെള്ളം കൃത്യമായി കുടിക്കാതിരക്കുമ്പോൾ തുടക്കത്തിൽ നമുക്ക് ദാഹിക്കുന്നത് പോലെ അനുഭവപ്പെടും. എന്നാൽ, സ്ഥിരമായി വെള്ളം ആവശ്യത്തിന് കുടിക്കാതാകുന്നതോടെ നമുക്ക് ദാഹം അനുഭവപ്പെടുന്നതും കുറയാൻ തുടങ്ങും. ഇത് നിർജലീകരണത്തിന് കാരണമാകുന്നു.
വെള്ളം നല്ലപോലെ കുടിച്ചാൽ മാത്രമാണ് നല്ലപോലെ മൂത്രവും പോവുക. മൂത്രം സത്യത്തിൽ നമ്മളുടെ ശരീരത്തിലെ മാലിന്യമാണ് വഹിക്കുന്നത്. അതിനാൽ, കൃത്യമായി നല്ല അളവിൽ മൂത്രം പോകേണ്ടതും അനിവാര്യം.മൂത്രം കൃത്യമായി പോകണമെങ്കിൽ നന്നായി വെള്ളം കുടിക്കണം. നമ്മൾ വെള്ളം കുടിക്കുന്നത് കുറയുമ്പോൾ മൂത്രത്തിന്റെ നിറം മാറുകയും അതുപോലെ, അളവ് കുറയുകയും ചെയ്യുന്നു.
കൃത്യമായി ഒട്ടും വെള്ളം കുടിക്കാതെ ആകുന്നത് വൃക്കയുടെ ആരോഗ്യത്തെപോലും നശിപ്പിക്കുന്നു.
മൂത്രത്തെ മാത്രമല്ല, മലം പോകുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് മൂലക്കുരു പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കാം. അതിനാൽ, ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
കൂടാതെ ധാരാളം ചർമ്മ രോഗങ്ങളും നമ്മെ തേടിയെത്തും. ചൊറിച്ചിൽ, താരൻ, ചർമ്മം വിണ്ടുകീറൽ, പുകച്ചിൽ എന്നിങ്ങനെയുള്ള പലവിധ ചർമ്മ പ്രശ്നങ്ങളും ഉണ്ടാവും.ചർമ്മം വരണ്ട് പോകാതെ, അതിനെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തണമെങ്കിൽ വെള്ളം നന്നായി കുടിക്കണം. അതുപോലെ, ചർമ്മത്തിലെ മാലിന്യങ്ങൾ പുറം തള്ളാൻ നന്നായി വിയർക്കേണ്ടതും അനിവാര്യം. അതിനും വെള്ളം അനിവാര്യമാണ്.

