Tuesday, April 30, 2024
spot_img

പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കും ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘അഴിമതിയിൽ ഏർപ്പെടുന്നവരാണ് അന്വേഷണ ഏജൻസികൾക്കെതിരെ രംഗത്ത് വരുന്നത്’ !

ദില്ലി : പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കും ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. അഴിമതിയിൽ ഏർപ്പെടുന്നവരാണ് അന്വേഷണ ഏജൻസികൾക്കെതിരെ രംഗത്ത് വരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരതം മികവിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധ ശക്തികൾ‌ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ബിജെപി കേന്ദ്ര ഓഫിസിന്റെ ഭാഗമായി പുതിയ റസിഡൻഷ്യൽ കോംപ്ലക്സും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നരേന്ദ്ര മോദി രൂക്ഷ വിമർശനം നടത്തിയത്.

‘‘ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതാണ് അവ ആക്രമണം നേരിടുന്നതും. ഈ എജൻസികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അഴിമതിക്കാർക്കെതിരെ ഈ ഏജൻസികൾ നീങ്ങുമ്പോൾ അവ ആക്രമിക്കപ്പെടുന്നു. കോടതി ഒരു വിധി പുറപ്പെടുവിക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുന്നു. ചില പാർട്ടികൾ അഴിമതിക്കാരെ സംരക്ഷിക്കാനുളള യജ്ഞത്തിൽ (‘ഭ്രഷ്ടാചാരി ബചാവോ അഭിയാൻ’) ഒന്നിക്കുന്നതും നിങ്ങൾക്ക് കാണാം. എവിടെയെല്ലാം ഞാ‌ൻ പോകുന്നുവോ, മോദിജി ഇത് അവസാനിപ്പിക്കരുതെന്നാണ് ജനം പറയുന്നത്. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ ചിലർക്ക് അത് ബുദ്ധിമുട്ടാകുന്നു. ടെലിവിഷനിലോ ട്വിറ്ററിലോ യൂട്യൂബിലോ പിറന്ന പാർട്ടിയല്ല ബിജെപി. രണ്ടാം തവണയും പ്രധാനമന്ത്രിയായി, ഇനി അൽപം വിശ്രമമായിക്കൂടെ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. വിശ്രമിക്കുകയെന്നത് ബിജെപി പ്രവർത്തകരുടെ രീതിയല്ലെന്ന് അവർക്കറിയില്ല. 1984 ൽ ഉണ്ടായത് ഇന്ത്യ ഒരിക്കലും മറക്കില്ല. അത് എന്നും ഒരു കറുത്ത കാലമായി നിലനിൽക്കും. പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയമുണ്ടായി. എന്നാൽ ഞങ്ങൾ വിട്ടുകൊടുത്തില്ല, നിരാശരായില്ല. ഞങ്ങൾ അന്ന് ഏതാണ്ട് ഇല്ലാതായിരുന്നു, എന്നാൽ അതിൽ ആരെയും കുറ്റപ്പെടുത്തിയില്ല. ഞങ്ങൾ അക്രമണത്തിനോ പ്രത്യാക്രമണത്തിനോ മുതിർന്നില്ല. പകരം ജനത്തിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കിടയിൽ പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി. രണ്ടു ലോക്സഭാ സീറ്റിൽനിന്ന് 2019 ൽ ഞങ്ങൾ 303 ൽ എത്തി. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് 50 ശതമാനത്തിൽ കൂടുതൽ സീറ്റു ലഭിച്ചു. കിഴക്കു നിന്നും പടിഞ്ഞാറേക്കും തെക്കു നിന്നു വടക്കോട്ടും ബിജെപി മാത്രമാണ് ഇന്ന് ഇന്ത്യയിലെ വിശാലമായ ഏക പാർട്ടി. യുവാക്കൾക്ക് ഉയരാനും ബിജെപി അവസരം നൽകുന്നു. ബിജെപിയാണ് ലോകത്തിലെ ഏറ്റവും വലിയ പാർട്ടി, രാജ്യത്തിന്റെ ഭാവിയുടെ പാർട്ടിയും ബിജെപിയാണ്.’’ – മോദി പറഞ്ഞു.

Related Articles

Latest Articles