Thursday, January 1, 2026

ബദാം, പിസ്ത, കപ്പലണ്ടി എല്ലാം ആരോഗ്യത്തിന് നല്ലതാ; എന്നാൽ നട്‌സിന്റെ ഗുണം ലഭിയ്ക്കാന്‍ ഇങ്ങനെ കഴിക്കണം!

നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നവയിൽ ഒന്നാണ് നട്‌സ്. നട്‌സ് എന്ന വിഭാഗത്തില്‍
ബദാം, പിസ്ത, വാള്‍നട്‌സ്, ക്യാഷ്യൂനട്‌സ്, കപ്പലണ്ടി എന്നിങ്ങനെ പല തരം നട്‌സ് പെടുന്നു. ഇവയെല്ലാം
ആരോഗ്യകരമാണെങ്കിലും ഇവ കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
പൂര്‍ണമായ ആരോഗ്യ ഗുണങ്ങള്‍ക്കായി നട്‌സ് എങ്ങനെ കഴിക്കണം എന്ന് നോക്കാം.

​ഉത്തമമായ സമയം​

നട്‌സ് കഴിക്കാൻ ഏറ്റവും ഉത്തമമായ സമയം രാവിലെ തന്നെയാണ്. രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം ഇവ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇത് ഇവയിലെ പോഷകങ്ങള്‍ ശരീരത്തിന് വലിച്ചെടുക്കാനുള്ള ശേഷി നല്‍കുന്നു. രാവിലെ വെറും വയറ്റില്‍ എന്ത് കഴിച്ചാലും ഗുണമിരട്ടിയാണ്.
കാരണം ഇവ പൂര്‍ണമായും ശരീരം വലിച്ചെടുക്കാന്‍ സാധ്യത കൂടുന്നു. നട്‌സ് രാവിലെ കഴിക്കുന്നത് ഇവയിലെ വിവിധ തരത്തിലെ പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

​ബദാം ​

പൊതുവേ നട്‌സ് സ്വാദിഷ്ടമാക്കാന്‍ പല രീതിയിലും നാം കഴിക്കാറുണ്ട്. വറുത്തും പച്ചയ്ക്കുമെല്ലാം ഇത് കഴിക്കുന്നത് സാധാരണയാണ്. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിയ്ക്കുന്നത് ഏറെ ഗുണകരമാണെന്ന് പറയുന്നു. കാരണം ഇവ പൊതുവേ കട്ടി കൂടിയതാണ്. പോരാത്തതിന് ബദാം പോലുള്ളവയില്‍ ഫൈറ്റിക് ആസിഡ് എന്ന ഒന്നുണ്ട്. ഇത് ശരീരം പോഷകങ്ങള്‍ വലിച്ചെടുക്കുന്നത് തടയുന്നു. മാത്രമല്ല, ദഹന പ്രശ്‌നങ്ങള്‍ക്കും ചിലപ്പോള്‍ ഇടയാക്കുന്നു. ഇതൊഴിവാക്കാനും പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്യാനും ഇവ വെള്ളത്തില്‍ കുതിര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

​മിതമായി​

എത്ര ആരോഗ്യകരമെന്ന് പറഞ്ഞാലും ഏത് ഭക്ഷണവും അമിതമായാല്‍ ദോഷം വരുത്തും. നട്‌സിന്റെ കാര്യത്തിനും ഇത് വാസ്തവമാണ്. ഇത് മിതമായി കഴിയ്ക്കുന്നതാണ് നല്ലത്. വയര്‍ നിറയാന്‍ നട്‌സ് കഴിയ്ക്കുന്നത് വയറിന് അസ്വസ്ഥത, തൂക്കക്കൂടുതല്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു.
ഇവയൊഴിവാക്കാന്‍ മിതമായി നട്‌സ് കഴിയ്ക്കാം. ഇവ വിശപ്പിനായല്ല, ആരോഗ്യത്തിനായി കഴിക്കാം. ആരോഗ്യകരമാണെങ്കിലും കശുവണ്ടിപ്പരിപ്പ് പോലുളളവ അമിതമായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്.

​ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ​

ചില പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ നട്‌സ് ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയര്‍ എരിച്ചില്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, അള്‍സറേറ്റീവ് കൊളൈറ്റിസ് എന്നീ പ്രശ്‌നങ്ങളെങ്കില്‍ നട്‌സ് കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. നട്‌സ് അലര്‍ജി ചിലര്‍ക്കുണ്ടാകും. ഇവരും ഇത് ഒഴിവാക്കണം. ഇതല്ലെങ്കില്‍ മിതമായി മാത്രം കഴിക്കണം.

Related Articles

Latest Articles