Thursday, May 2, 2024
spot_img

ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് പ്രതികളിലൊരാളായ ഖദീജത്ത് ഫർഹാന; പ്രതികരണം തെളിവെടുപ്പിനിടെ

പാലക്കാട്: ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് പ്രതികളിലൊരാളായ ഖദീജത്ത് ഫർഹാന. തെളിവെടുപ്പിനായി പോലീസ് ഇന്ന് ചളവറ കൊറ്റോടിയിലെ ഇവരുടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഫർഹാനയുടെ പ്രതികരണം.

‘ഞാൻ ആരെയും കൊന്നിട്ടില്ല. ഹണിട്രാപ്പാണ് എന്നത് പച്ചക്കള്ളമാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണ്. സിദ്ദീഖും ഷിബിലിയുമായി വാക്കു തർക്കമുണ്ടായി. കൊല ചെയ്യുമ്പോൾ ഞാൻ മുറിയിലുണ്ടായിരുന്നു.’– ഫർഹാന പറഞ്ഞു. ഷിബിലി ആരാണെന്ന ചോദ്യത്തിന് ‘ഞാൻ സ്നേഹിക്കുന്ന ആളാണെന്നായിരുന്നു ഫർഹാനയുടെ മറുപടി.

അതെ സമയം കൊലപാതകം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പൊലീസ് കണ്ടെത്തി. ഫര്‍ഹാനയുടെ വീടിനു പുറകിലത്തെ പറമ്പില്‍ വച്ചായിരുന്നു പ്രതികൾ വസ്ത്രങ്ങൾ കത്തിച്ചത്. ഈ വസ്ത്രങ്ങൾ ഇവർ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. വസ്ത്രങ്ങൾ വാഷിങ്മെഷീനിൽ അലക്കാൻ മാതാവ് എടുക്കുന്നതിനിടെ ഫര്‍ഹാന തടയുകയും കത്തിക്കണമെന്ന് പറഞ്ഞ ശേഷം കത്തിക്കുകയായിരുന്നു.

ഇന്ന് നടന്ന തെളിവെടുപ്പിനിടെ മാതാവാണ് കത്തിച്ചുകളഞ്ഞ സ്ഥലം കാണിച്ചുകൊടുത്തത്. വസ്ത്രങ്ങളുടെ കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു.

അതേസമയം അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദീഖിന്റെ ഫോൺ കണ്ടെത്തി. അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍ നിന്നാണ് ഇയാളുടെ ഫോണ്‍ കണ്ടെത്തിയത്. മൃതദേഹം ഉപേക്ഷിച്ച് മടങ്ങും വഴിയാണ് ഫോണ്‍ കളഞ്ഞതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി വലിച്ചെറിഞ്ഞുവെന്ന് തെളിവെടുപ്പിനിടെ പ്രതികള്‍ ആവര്‍ത്തിച്ചു. പത്താം വളവിലെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം സുരക്ഷിതമെന്ന് കണ്ടാണ് വാഹനം ഒൻപതാം വളവിൽ തിരികെ വന്ന് ട്രോളി ബാഗുകൾ വലിച്ചെറിഞ്ഞതെന്നും പ്രതികള്‍ മൊഴി നൽകി. നേരത്തെ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദീഖിന്റെ രണ്ടു എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാൻ ഉപേയാഗിച്ച് ഇലക്ട്രിക് കട്ടർ തുടങ്ങിയവ പെരിന്തൽമണ്ണ ചിരട്ടമലയിൽ നിന്ന് കണ്ടെടുത്തിരുന്നു.

ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയശേഷം ശുചിമുറിയിൽ വലിച്ചു കൊണ്ട് പോയി ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരാണ് കേസിൽ പ്രതികൾ.

Related Articles

Latest Articles