കൊച്ചി: ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്. എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.
കഴിഞ്ഞ ദിവസം പുലർച്ചെ തൃശ്ശൂർ കയ്പമംഗലത്ത് വച്ചുണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. സുധിയുടെ സംസ്കാരം ഇന്ന് നടക്കും.