കെയ്‌റോ : രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം കെയ്‌റോയിൽ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ഷ്യൻ സന്ദർശനമാണിത്. 26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത്.
കെയ്‌റോയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഈജിപ്തിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ രാവിലെ പ്രസിദ്ധമായ അൽ ഹക്കിം മസ്ജിദ് നരേന്ദ്ര മോദി സന്ദർശിക്കും. ഇവിടെ അദ്ദേഹം അര മണിക്കൂറോളം സമയം ചെലവഴിക്കും. ഇതിന് ശേഷം ഒന്നാം ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിക്കും.

