Tuesday, October 27, 2026

ഗൃഹനാഥൻ കിടപ്പുമുറിയിൽ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന മരുമകളും മരിച്ചു; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; കുടുംബ വഴക്ക് വീണ്ടും കേരളത്തിൽ കൊലയാളിയാകുമ്പോൾ

തൃശൂർ : ചിറക്കേക്കോട് കുടുംബവഴക്കിനെത്തുടർന്നുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് ഗൃഹനാഥൻ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ഇതോടെ മകന്റെ കുടുംബത്തിലെ മൂന്ന് പേരും മരിച്ചു. ചിറക്കാക്കോട് കൊട്ടേക്കാടൻ വീട്ടിൽ ജോജിയുടെ ഭാര്യ ലിജി (35) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടൻ വീട്ടിൽ ജോൺസൺ ആണ് കഴിഞ്ഞ മാസം 14ന് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. മകൻ ജോജി, ഭാര്യ ലിജി, 12കാരനായ പേരക്കുട്ടി ടെൻണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്. ജോബിയും ടെണ്ടുൽക്കറും തൊട്ടടുത്ത ദിവസം മരിച്ചു. സംഭവശേഷം വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പ്രതി ജോണ്‍സന്‍ സെപ്റ്റംബര്‍ 21-നും മരിച്ചിരുന്നു.

അർധരാത്രിയിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന മകനെയും കുടുംബത്തെയും ജോൺസൺ കൊല്ലാൻ ശ്രമിച്ചത്. ജോൺസനും മകനും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാർഷിക സർവ്വകലാശാലയിൽ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോൺസൺ. സംഭവത്തിന് ശേഷം കാണാതായ ജോൺസനെ തുടർന്ന് അന്വേഷണത്തിൽ വീടിന്റെ ടെറസിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾക്കും പൊള്ളലേറ്റിരുന്നു. തുടർന്നാണ് വിഷം കഴിച്ചു ആത്മഹത്യാ ശ്രമം നടത്തിയെന്നു മനസ്സിലായത്. ജോൺസനും, മകൻ ജോജിയും, ഭാര്യയും മകനുമാണ് ചിറക്കേക്കോട്ടയിലെ വീട്ടിൽ താമസിച്ചിരുന്നത്.

Related Articles

Latest Articles