നെയ്യാറ്റിൻകര : ഈ വർഷത്തെ രാമേശ്വരത്തപ്പൻ പുരസ്കാരം ആഴിമല ശിവക്ഷേത്ര മേൽശാന്തി ജോതിഷ്പോറ്റിക്ക് സമർപ്പിച്ചു. സനാതനധർമ്മ സംരക്ഷണത്തിനായി ത്യാഗനിർഭരമായ സേവനം നിർവ്വഹിച്ച മഹത് വ്യക്തികളേയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്.
ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയും തീർക്കുന്നതിന് അഹോരാത്രമുള്ള പ്രവർത്തനം ബഹുമാനിച്ചാണ് ആഴിമല ശിവക്ഷേത്ര മേൽശാന്തിക്ക് പുരസ്കാരം സമർപ്പിച്ചത്. രാമേശ്വരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് രാമേശ്വരം ഹരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശബരിമല പമ്പ ഗണപതി ക്ഷേത്രത്തിലെ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പുരസ്‌കാരം സമർപ്പിച്ചു.
സാംസ്കാരിക പ്രവർത്തകൻ മരുതത്തൂർ സുധാകരൻ നായർ, ചിത്രകാരനും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ മണികണ്ഠൻ മണലൂർ, ജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ രാമേശ്വരം മഹാദേവ നടന കലാക്ഷേത്രയിലെ വിദ്യാർത്ഥികളായ നന്ദന ബി.ജെ, കൃഷ്ണ വേണി. ആർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ഹരിപ്രിയ ആശംസകളും, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി മഹേഷ്കുമാർ സ്വാഗത പ്രസംഗം നടത്തി.

