Wednesday, September 23, 2026

“കണ്ണൂരിൽ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേ ? തന്റെ കോലമല്ലേ കത്തിച്ചുള്ളൂ..” – എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്ന് തുറന്നടിച്ച അദ്ദേഹം കണ്ണൂരിൽ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേ എന്നും തന്റെ കോലമല്ലേ കത്തിച്ചുള്ളൂവെന്നും ചോദിച്ചു.

‘എന്റെ കോലം മാത്രമാണ് അവര്‍ കത്തിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഒട്ടേറെ ആളുകളെ അവര്‍ കത്തിച്ചിട്ടുണ്ട്, കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും അവര്‍ നിരവധിപ്പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എന്റെ കോലം കത്തിച്ചത് വലിയ കാര്യമല്ല. ഇവര്‍ തുടര്‍ന്നുവരുന്ന ഫാസിസത്തെക്കുറിച്ച് കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ നോവലില്‍ എഴുതിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം തോട്ടത്തിലെ തെങ്ങില്‍നിന്ന് തേങ്ങയിടാന്‍ പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്നാണ് അദ്ദേഹം എഴുതിയിയത്’, ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം പുതുവത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം എസ്എഫ്ഐ കത്തിച്ച സംഭവത്തിൽ നേരത്തെ പോലീസ് കേസെടുത്തിരുന്നു. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഇന്നലെ രാത്രിയിൽ പാപ്പാഞ്ഞി മാതൃകയിലുള്ള 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിക്കാൻ നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അടക്കം 10 പേർക്കെതിരെയാണ് കേസ്. ഗവർണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30 അടി ഉയരമുളള കോലം ഒരുക്കിയത്.

കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ കാല് കുത്തിക്കാൻ അനുവദിക്കില്ല എന്ന എസ്എഫ്ഐയുടെ ഭീഷണി തൃണവൽക്കരിച്ച ഗവർണർ ജനത്തിന്റെ കൈയ്യടി നേടിയത് എസ്എഫ്ഐയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. കോഴിക്കോട് നഗരം സന്ദർശിച്ച ഗവർണർക്ക് വമ്പൻ സ്വീകരണമാണ് ജനപക്ഷത്ത് നിന്ന് ലഭിച്ചത്.

സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി വ്യാഴാഴ്ച ദില്ലിയിൽ നിന്ന് കേരളത്തിലെത്തിയ ഗവർണർക്കുനേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറൽ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം.ഇതുമായി ബന്ധപ്പെട്ടു 4 പേരെ അറസ്റ്റ് ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. പിറ്റേന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും മുഖത്തോടു മുഖം നോക്കാതെ തൊട്ടടുത്ത സീറ്റുകളിൽ ഇരുന്നത് വലിയ വാർത്തയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു കർശന നടപടി സ്വീകരിക്കുമ്പോൾ തനിക്കെതിരെയുള്ള പ്രതിഷേധക്കാരെ സർക്കാർ സംരക്ഷിക്കുന്നതിൽ ഗവർണർക്ക് പ്രതിഷേധമുണ്ട്.

Related Articles

Latest Articles