Tuesday, January 13, 2026

എസ്എഫ്ഐ ഇങ്ങനെയൊക്കെ ക്യാമ്പസിൽ ചെയ്യുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണയോടെ ; സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. എസ്എഫ്ഐ ഇങ്ങനെയൊക്കെ ക്യാമ്പസിൽ ചെയ്യുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണ ഉള്ളത് കൊണ്ടാണെന്ന് ശശി തരൂർ തുറന്നടിച്ചു.

കേരള പൊലീസ് അന്വേഷിച്ചാൽ എല്ലാത്തിനും പരിധിയുണ്ടാവും. എന്നാൽ, കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാണ് സിദ്ധാർത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്നും ശശി തരൂർ പറഞ്ഞു. അതേസമയം, കേസിലെ 18 പ്രതികളും പിടിയിലായെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കൽപ്പറ്റ കോടതിയിൽ കീഴടങ്ങാൻ എത്തുമ്പോഴാണ് മുഖ്യപ്രതിയായ സിൻജോ ജോൺസൺ പിടിയിലായത്. കൂടുതൽ പേരെ പ്രതി ചേർക്കുമോ എന്നതാണ് ഇനി വ്യക്തമാകാനുള്ളത്.

പ്രധാന പ്രതികളായ സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായി വയനാട് പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവർ നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്. ഒളിവിൽ കഴിയുകയായിരുന്ന സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തിയെങ്കിലും കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴാണ് പൊലീസിന് പിടികൂടാനായത്.

Related Articles

Latest Articles