Tuesday, November 17, 2026

ബംഗ്ലാദേശിൽ കലാപം അതിരൂക്ഷം!ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾക്കെതിരെയും വീടുകൾക്കെതിരെയും ആക്രമണം! ഇന്നലെ കൊല്ലപ്പെട്ടവരിൽ ഹിന്ദു കൗൺസിലറും, വംശഹത്യ ഭീതിയിൽ ന്യൂനപക്ഷങ്ങൾ

കലാപം തുടരുന്ന ബംഗ്ലാദേശിൽ ഇന്നലെ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ട 100 പേരിൽ ഒരു ഹിന്ദു കൗൺസിലറും ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം കാളി ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദുക്കളുടെ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കലാപകാരികൾ ലക്ഷ്യമിടുകയാണ്. ഹരേകൃഷ്ണ പ്രസ്ഥാനം അല്ലെങ്കിൽ ഇസ്കോൺ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സേന കലാപകാരികളെ ഫലപ്രഥമായി നേരിടാത്തതിനാൽ വംശഹത്യയിലേക്ക് കാര്യങ്ങളെത്തുമോ എന്ന ഭയപ്പാടിലാണ് രാജ്യത്തെ ന്യൂന പക്ഷങ്ങൾ.

ഇന്നലെ കലാപകാരികൾ തല്ലിക്കൊന്ന പരശുറാം താന അവാമി ലീഗ് നേതാവ് ഹരദൻ റോയിയും ബംഗ്ലാദേശിലെ രംഗ്പൂർ നഗരത്തിലെ നാലാം വാർഡിലെ കൗൺസിലറാണ്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരും അവാമി ലീഗ് പ്രവർത്തകരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 100 ​​ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി വിച്ഛേദിക്കാനും രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്താനും അധികാരികളെ നിർബന്ധിതരാക്കി.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്നലെ 6 മണി മുതൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി. ആശുപത്രികൾ, വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങൾ ലഭ്യമാകും.

സ്വാതന്ത്ര്യ സമര സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.രാജിവച്ച ഹസീന വൈകുന്നേരത്തോടെ ദില്ലിയിലെത്തി. അവർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിൽ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ലാൻഡ് ചെയ്തത്.

യുകെയിൽ രാഷ്ട്രീയ അഭയം നേടാനാണ്‌ ഹസീനയുടെ നീക്കം. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്‌ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. എന്നാൽ ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് യു.കെയിൽനിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. രെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് ബ്രിട്ടിഷ് പാർലമെന്റിലെ ലേബർ പാർട്ടിയുടെ അംഗമാണ്.

ഹസീന ഉടൻ ലണ്ടനിലേക്ക് യാത്രതിരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു എങ്കിലും വിമാനം ഇത് വരെയും പറന്നു പൊങ്ങിയിട്ടില്ല. ബംഗ്ലാദേശ് അതിർത്തിയിൽ അതീവ ജാഗ്രത പാലിക്കാൻ അതിർത്തി ബിഎസ്എഫിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീൽഡ് കമാൻഡർമാർക്ക് നൽകിയിട്ടുള്ള നിർദേശം. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും റെയിൽവെ നിർത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സർവീസുകൾ എയർഇന്ത്യ റദ്ദാക്കി. ഇൻഡിഗോ ധാക്കയിലേക്കുള്ള വിമാന സർവീസുകൾ 30 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ നാല് ലക്ഷത്തോളം പേരാണ് അക്രമാസക്തരായി തെരുവിൽ ഇറങ്ങിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്

ബംഗ്ലാദേശിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് നിർദ്ദേശിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ബംഗ്ലാദേശിൽ താമസിക്കുന്ന പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അവരുടെ നീക്കങ്ങൾ പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം (MEA) മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles