Tuesday, November 17, 2026

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18 വർഷത്തിന് ശേഷം നിർണായക വിധി, വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ

2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 18 വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധി വന്നിരിക്കുന്നത്. 2008 ഒക്ടോബർ 17ന് പുലർച്ചെ അഞ്ചരയോടെ മണ്ണന്തലയിലെ കോട്ടമുകൾക്കടുത്തുള്ള വിനായക ഫ്രൂട്സ് കടയിൽ വെച്ചായിരുന്നു രഞ്ജിത്തിന് നേരെ ആക്രമണമുണ്ടായത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് സിപിഎം പ്രവർത്തകരുടെ സംഘം രണ്ട് കാറുകളിലും ബൈക്കിലുമായി എത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

കേസിൽ ആകെ 12 പ്രതികളുണ്ടായിരുന്നെങ്കിലും രണ്ടാം പ്രതി നാരായണൻകുട്ടി ഒളിവിൽ തുടരുന്നതിനാൽ വിചാരണ നേരിട്ടിരുന്നില്ല. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും സിപിഎം പ്രാദേശിക നേതാവ് ഹരിപ്രസാദാണ് ഇതിന് നേതൃത്വം നൽകിയതെന്നുമാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. വിചാരണയ്ക്കിടെ 41 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ചില സാക്ഷികൾ കൂറുമാറിയതും കേസിൽ വെല്ലുവിളിയായി. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. പ്രത്യേക പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ഹാജരായാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പ്രതികൾക്കുള്ള ശിക്ഷ കോടതി പിന്നീട് പ്രഖ്യാപിക്കും.

Related Articles

Latest Articles