ദില്ലി : കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ സമരം ആരംഭിച്ചു. നാളെ രാവിലെ ആറ് മണി വരെയാണ് ഡോക്ടർമാരുടെ പണിമുടക്ക്.
മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒപി ഇന്ന് പ്രവർത്തിക്കില്ല. എന്നാൽ, അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. അതേസമയം, സംസ്ഥാനത്തെ മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കുന്നുണ്ട്. ജോലിസ്ഥലത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് പ്രധാനമായും ഐഎംഎ മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ, റസിഡന്റ് ഡോക്ടർമാരുടെ ജോലിയിലുള്ള പരിഷ്കരണവും ഇവർ ആവശ്യപ്പെടുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ കുറ്റകൃത്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

