Saturday, November 14, 2026

കേസെടുത്തതിന് പിന്നാലെ മുകേഷ് മുങ്ങിയോ …? തിരുവനന്തപുരത്തെ വീടിന് പോലീസ് കാവൽ; പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പോലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തി‌ലാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലവിൽ എംഎൽഎ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് നിഗമനം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട്.

കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎൽഎക്കെതിരെ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ അവസരവും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Related Articles

Latest Articles