ദില്ലി : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണത്തിനായി കേന്ദ്ര റെയിൽവേ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 393.58 കോടി രൂപ അനുവദിച്ചതായി കേന്ദ്രസഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപി അറിയിച്ചു. തൃശ്ശൂരിലെ ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
393.58 കോടി രൂപയുടെ ഈ മഹത്തായ പദ്ധതിയിലൂടെ തൃശ്ശൂര്‍ റെയിൽവേ സ്റ്റേഷന്റെ സാംസ്കാരിക പ്രതിച്ഛായയിൽ മാറ്റമില്ലാതെ, അതിന്റെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഈ നവീകരണം പൂർത്തിയാകുമ്പോൾ റെയിൽവേ സ്റ്റേഷൻ വിമാനത്താവളവുമായി താരതമ്യം ചെയ്യാവുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും.
വിമാനത്താവളങ്ങളിലേതുപോലെ യാത്രക്കാർക്ക് പ്രവേശനത്തിനും , മടങ്ങാനും പ്രത്യേക കവാടങ്ങൾ ഒരുക്കാനും, സ്റ്റേഷനെ മൂന്ന് നിലകളിലായി വിഭജിക്കാനും പദ്ധതിയിടുന്നു. താഴത്തെ നിലയിൽ വാഹന പാർക്കിംഗ് സൗകര്യവും, രണ്ടാം നിലയിൽ ടിക്കറ്റ് കൗണ്ടറുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഉൾപ്പെടുത്തും. നിലവിൽ ഉള്ള നാല് പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ അഞ്ചാമത്തെ പ്ലാറ്റ്‌ഫോം കൂടി സ്ഥാപിക്കുന്നതാണ് പദ്ധതിയുടെ ഭാഗം.
തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണം 100 വർഷത്തെ മുൻപരിഗണനകളും ഭാവിയിൽ ഉണ്ടാവുന്ന ആവശ്യങ്ങളും കണ്ടുകൊണ്ടാണ് ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ തൃശ്ശൂർ നഗരം ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധേയമാകും.

