Tuesday, October 27, 2026

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം ! ഇടപെടലുമായി ഹൈക്കോടതി ; ആക്ഷേപം ഗൗരവതരമെന്ന് ദേവസ്വം ബെഞ്ച്; വിഷയം തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ രാവിലെ അമിക്കസ് ക്യൂറിയോടും കോടതി വിവരങ്ങൾ തേടിയിരുന്നു.

ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികളായ വിശ്വാസികള്‍ക്ക് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തുവെന്നാണ് പരാതി. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വിതരണം ചെയ്തത്. ഉണ്ണിയപ്പത്തോടൊപ്പം അരവണയും വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍ പിടിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചതെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

Related Articles

Latest Articles