പാലക്കാട് : കൊഴിഞ്ഞാമ്പാറ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാക്കിക്കൊണ്ട് പ്രവർത്തകരിൽ ഒരു വിഭാഗം സമാന്തര പാർട്ടി ഓഫീസ് തുടങ്ങി. കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി റോഡിൽ ഇഎംഎസ് സ്മാരകം എന്ന പേരിലാണ് പുതിയ ഓഫീസ് തുറന്നത്. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ജനങ്ങളുടെ ആവശ്യത്തിന് ജനസേവന കേന്ദ്രമായി പ്രവർത്തിക്കുമെന്ന് വിമതർ വ്യക്തമാക്കി
ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കലാപക്കൊടി ഉയർത്തി സിപിഎം പ്രവർത്തകർ കഴിഞ്ഞ മാസം വിമത കൺവെൻഷൻ നടത്തിയിരുന്നു. ഒരു വർഷം മുൻപ് കോൺഗ്രസ് വിട്ടു വന്ന അരുൺ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ചാണ് 100 കണക്കിന് പേർ പങ്കെടുത്ത വിമത കൺവെൻഷൻ നടന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എം സതീഷിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രാദേശിക നേതാക്കൾ ഉൾപ്പടെ നൂറോളം പേർ വിമത കൺവെൻഷനിൽ പങ്കെടുത്തിരുന്നു. ജില്ലാസെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും ധാർഷ്ട്യം അംഗീകരിക്കില്ലെന്നും സതീഷ് പറഞ്ഞിരുന്നു.

