കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രദീപ് മുഖര്‍ജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് (സി.ഐ.) സെല്‍ കോയമ്പത്തൂരില്‍വെച്ച് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ‘ഐ.എന്‍.എസ്. അഗ്രണി’യില്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിന് എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. 2014-ലാണ് പ്രദീപ് ഇന്ത്യന്‍ നാവികസേനയില്‍ സെയിലറായി ചേരുന്നത്. വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് കീഴില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഇയാള്‍, കോഴ്‌സില്‍ പങ്കെടുക്കാനായി ഒരു ആഴ്ച മുമ്പാണ് ഐ.എന്‍.എസ്. അഗ്രണിയിലെത്തിയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ വഴിയാണ് പാകിസ്താന്‍ വനിതാ ഇന്റലിജന്‍സ് ഏജന്റ് പ്രദീപിനെ ഹണിട്രാപ്പില്‍ കുടുക്കിയത്. പ്രദീപുമായി സൗഹൃദം സ്ഥാപിച്ചശേഷം, വിശാഖപട്ടണം നാവികസേനാ താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍, കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. പ്രദീപിന്റെ സംശയാസ്പദമായ ഇടപെടലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം ഇയാളെ നിരീക്ഷണത്തിലാക്കിയത്. രഹസ്യ വിവരങ്ങള്‍ കൈമാറിയതില്‍ ഇയാളുടെ പങ്ക് അന്വേഷണസംഘം സ്ഥിരീകരിച്ചതോടെ, നാവികസേനാ അധികാരികളില്‍നിന്ന് അനുമതി തേടി ശനിയാഴ്ച രാവിലെ ഐ.എന്‍.എസ്. അഗ്രണിയിലെത്തിയ പ്രത്യേക സി.ഐ. സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ കോയമ്പത്തൂരിലെ പ്രാദേശിക പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. പ്രതിയെ പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയശേഷം, കൂടുതല്‍ ചോദ്യം ചെയ്യലിനായി വിജയവാഡയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ചോര്‍ത്തപ്പെട്ട പ്രതിരോധ ഫയലുകളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നും, ഹവാല വഴിയോ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ഗ്ഗങ്ങള്‍ വഴിയോ ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

