ലക്നൗ: 2024 നവംബറിൽ നടന്ന സംഭാൽ കലാപം ആസൂത്രിതമെന്നും ലക്ഷ്യം ഹിന്ദു വിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനിനെ വധിക്കുകയായിരുന്നു എന്നും കേസിലെ മുഖ്യപ്രതി ഗുലാം. സംഭാൽ എസ് പി കൃഷ്ണകുമാർ ബിഷ്ണോയിയാണ് പ്രതിയുടെ മൊഴി വെളിപ്പെടുത്തിയത്. കലാപത്തിന് പിന്നിലെ ആസൂത്രണം പ്രതി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. കലാപം നടത്താൻ ആയുധങ്ങൾക്കൊപ്പം ഒരു ഫോട്ടോഗ്രാഫും തങ്ങൾക്ക് കിട്ടിയിരുന്നു. ആ ഫോട്ടോ വിഷ്ണു ശങ്കർ ജെയിനിന്റെതായിരുന്നു. രാജ്യത്താകമാനം കലാപം വ്യാപിപ്പിക്കാനും പ്രതികൾക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
കലാപമുണ്ടാക്കുകയും വിഷ്ണു ശങ്കറിനെ കൊലപ്പെടുത്തുകയും ചെയ്താൽ പ്രശസ്തി നേടാമെന്ന് തങ്ങളോട് പറഞ്ഞിരുന്നതായിപ്രതികളുടെ മൊഴിയിലുണ്ട്. നാലുപേർ മരിക്കാനിടയായ കലാപത്തിൽ പ്രധാന പ്രതിയാണ് വെളിപ്പെടുത്തൽ നടത്തിയ ഗുലാം. അയോദ്ധ്യ അടക്കം മുഗൾ ഭരണകാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന അഭിഭാഷകനാണ് വിഷ്ണു ശങ്കർ ജയിനും അച്ഛൻ ഹരിശങ്കർ ജയിനും. ഗ്യാൻ വാപി കേസിലടക്കം ഹിന്ദു വിഭാഗത്തിന് വേണ്ടി കോടതിയിൽ അദ്ദേഹം ശക്തമായ വാദമുഖങ്ങൾ നിരത്തിയിരുന്നു. ഇദ്ദേഹത്തെ മത ഭീകരവാദികൾ ലക്ഷ്യം വയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.
സംഭാൽ ജുമാ മസ്ജിദ് ക്ഷേത്രം തകർത്ത് പണിതതാണെന്ന തർക്കത്തെ തുടർന്ന് സ്ഥലത്ത് 2024 നവംബറിൽ കോടതി നിർദ്ദേശത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു. ഈ സംഭവമാണ് പിന്നീട് പോലീസും മതതീവ്രവാദികളും തമ്മിലുള്ള സംഘർഷമായി മാറിയത്. അക്രമം പൊട്ടിപ്പുറപ്പെടുമ്പോൾ വിഷ്ണു ശങ്കർ ജയിനും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു. വിഷ്ണു ശങ്കർ ജയിൻ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ചായിരുന്നു വധശ്രമം.

