Tuesday, January 13, 2026

പുറത്തേക്ക് തെറിച്ച പെൺകുട്ടിയെ ഒറ്റക്കൈ കൊണ്ട് തിരികെ കയറ്റി ! പ്രതിയെ കീഴ്‌പ്പെടുത്തി; കേരള എക്സ്പ്രസിലെ “രക്ഷകന്റെ” ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ് ; യുവാവിനെ കണ്ടെത്തി ആദരിക്കും

വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്‌പ്പെടുത്തുകയും പ്രതി അപായപ്പെടുത്താൻ ശ്രമിച്ച മറ്റൊരു പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്ത യുവാവിന്റെ ചിത്രം പുറത്തുവിട്ട് റെയിൽവേ പോലീസ്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനുമാണ് റെയിൽവേ പോലീസിന്റെ തീരുമാനം.

കേരള എക്സ്പ്രസിലെ സംഭവം നടന്ന ബോഗിയിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ആർപിഎഫ് ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിലാണ് രക്ഷകനായെത്തിയ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. പ്രതി രണ്ടാമത്തെ പെൺകുട്ടിയെ അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പു വസ്ത്രം ധരിച്ച യുവാവ് ഓടിയെത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെൺകുട്ടിയെ തിരികെക്കയറ്റുകയും അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ചവിട്ടി തള്ളിയതിനെ തുടർന്ന് ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഗുരുതരാവസ്ഥയിൽ കഴിയുന്ന പാലോട് സ്വദേശിയായ ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും തീവണ്ടിക്കുള്ളിൽ സുരേഷ്‌കുമാറുമായി തർക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ തീവണ്ടിക്കുള്ളിൽ പുകവലിച്ചത് പെൺകുട്ടികൾ ചോദ്യംചെയ്തതാണ് തർക്കത്തിനും ആക്രമണത്തിനും കാരണമെന്നാണ് പോലീസ് പറയുന്നത്.അതേസമയം, കോട്ടയത്തുനിന്ന് മദ്യപിച്ച അവസ്ഥയിൽ തീവണ്ടിയിൽ കയറിയ ഇയാൾക്കൊപ്പം ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ, സീറ്റിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന ഇയാൾ അക്രമത്തിൽ പങ്കാളിയല്ല.

Related Articles

Latest Articles