Sunday, October 18, 2026

പുടിന്റെ വസതിക്കുനേരെയുള്ള യുക്രെയ്ൻ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് നരേന്ദ്രമോദി; യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളാണ് ഏറ്റവും പ്രായോഗികമായ വഴിയെന്നും പ്രധാനമന്ത്രി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളാണ് ഏറ്റവും പ്രായോഗികമായ വഴിയെന്ന് സമൂഹ മാദ്ധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു. പുടിന്റെ വസതി ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അത്യന്തം ആശങ്കാജനകമാണെന്നും സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്‌കോയ്ക്കും സെന്റ് പീറ്റേഴ്‌സ്ബർഗിനും ഇടയിലുള്ള നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചിരുന്നു. ഏകദേശം 91 ഡ്രോണുകൾ റഷ്യൻ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ ആക്രമണം സമാധാന ചർച്ചകളിൽ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കാൻ കാരണമാകുമെന്നും ലാവ്‌റോവ് മുന്നറിയിപ്പ് നൽകി.

അതേസമയം, റഷ്യയുടെ ഈ ആരോപണങ്ങൾ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി പൂർണ്ണമായും തള്ളി. കീവിന് നേരെ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടാൻ റഷ്യ മെനഞ്ഞെടുത്ത നുണയാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. പുടിനുമായി സംസാരിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും രോഷം പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കുന്ന ഈ സമയത്ത് പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ശരിയായ നടപടിയല്ലെന്ന് ട്രമ്പ് പറഞ്ഞു. ആക്രമണം നടന്നുവെന്ന് പുടിൻ തന്നെ അറിയിച്ചതായും ട്രമ്പ് വ്യക്തമാക്കി. എങ്കിലും റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന കരാർ ഏറെ അടുത്താണെന്നാണ് ട്രമ്പിന്റെ പ്രതീക്ഷ. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും തർക്കപ്രദേശങ്ങളായ സാപ്പോറീഷ്യ ആണവനിലയം, ഡോണെറ്റ്സ്ക് മേഖല എന്നിവയുടെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.

Related Articles

Latest Articles