മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപുള്ള മിനിറ്റുകളിൽ പൈലറ്റിൽ നിന്ന് ലാൻഡിംഗ് അനുമതി സ്ഥിരീകരിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചിരുന്നില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിഎസ്ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലിയർജെറ്റ് 45 എന്ന സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 8.10-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം 8.34-ന് ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് ആശയവിനിമയം തടസ്സപ്പെട്ടതും തുടർന്ന് അപകടത്തിൽപ്പെട്ടതും.
ബാരാമതിയിലെ വിമാനത്താവളം നിയന്ത്രിത എയർ ട്രാഫിക് കൺട്രോൾ സംവിധാനമില്ലാത്ത ‘അൺകൺട്രോൾഡ്’ എയർഫീൽഡ് ആണെന്നാണ് പുറത്തുവരുന്ന വിവരം. ഇവിടെ പ്രാദേശിക ഫ്ലൈയിംഗ് സ്കൂളുകളിലെ പൈലറ്റുമാരാണ് ട്രാഫിക് വിവരങ്ങൾ കൈമാറുന്നത്. ക്യാപ്റ്റൻ ശാംഭവി പഥക് ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ലാൻഡിംഗിന് മുന്നോടിയായി കാലാവസ്ഥയെക്കുറിച്ചും കാറ്റിന്റെ ഗതിയെക്കുറിച്ചും അവർ അന്വേഷിച്ചിരുന്നു. മൂന്ന് കിലോമീറ്റർ ദൂരപരിധിയിൽ കാഴ്ച വ്യക്തമാണെന്ന വിവരമാണ് ഗ്രൗണ്ട് സ്റ്റാഫ് നൽകിയത്. റൺവേ 11-ലേക്ക് വിമാനം അടുക്കുന്നതിനിടെ റൺവേ വ്യക്തമല്ലെന്ന് പൈലറ്റ് അറിയിച്ചതിനെ തുടർന്ന് ഒരു തവണ വിമാനം താഴ്ത്തി ലാൻഡ് ചെയ്യാതെ വീണ്ടും ഉയർത്താൻ നിർദ്ദേശം നൽകിയിരുന്നു.
രണ്ടാമത്തെ ശ്രമത്തിൽ റൺവേ ദൃശ്യമാണെന്ന് പൈലറ്റ് സ്ഥിരീകരിക്കുകയും ലാൻഡിംഗിനുള്ള അനുമതി നൽകുകയും ചെയ്തു. എന്നാൽ ഇതിന് പൈലറ്റ് മറുപടി നൽകിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. 8.43-ഓടെ വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ പൂർണ്ണമായും നിലച്ചു. വിമാനത്താവളത്തിന് 20 കിലോമീറ്റർ അകലെ ഏകദേശം ഒരു കിലോമീറ്റർ ഉയരത്തിൽ പറക്കുമ്പോഴാണ് സിഗ്നലുകൾ നഷ്ടമായത്. 8.46-ഓടെ വിമാനം തകർന്നു വീഴുന്നതിന്റെയും വൻ അഗ്നിഗോളമുയരുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ ഹൈവേയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. റൺവേയുടെ ഇടത് വശത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു.

