Wednesday, November 18, 2026

ഇന്ത്യ-ഇസ്രായേൽ പ്രതിരോധ സൗഹൃദത്തിൽ പുതിയ അദ്ധ്യായം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിലേക്ക്; ലേസർ ആയുധങ്ങൾ സംയുക്തമായി നിർമ്മിക്കും; ധാരണാപത്രം ഒപ്പു വയ്ക്കും

ടെൽ അവീവ് : തന്ത്രപ്രധാനമായ പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം ഫെബ്രുവരി 25ന് ആരംഭിക്കും . ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനും സംയുക്ത സൈനിക പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനുമാണ് ഈ സന്ദർശനം പ്രാധാന്യം നൽകുന്നത്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ലേസർ ആയുധങ്ങൾ, ദീർഘദൂര മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ സംയുക്ത വികസനം ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ സന്ദർശന വേളയിൽ ചർച്ചയാകും. വരും വർഷങ്ങളിൽ ഏകദേശം 10 ബില്യൺ ഡോളറിന്റെ പ്രതിരോധ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ കവചമായ ‘മിഷൻ സുദർശൻ’ ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേലിന്റെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ പങ്കുവെക്കാൻ ധാരണയായിട്ടുണ്ട്. അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, ആരോ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളിൽ ഇസ്രായേൽ കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയ്ക്കും മുതൽക്കൂട്ടാകും. ശത്രുരാജ്യങ്ങളുടെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഭൂപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ഇസ്രായേൽ ആദ്യമായാണ് മറ്റൊരു രാജ്യത്തിന് കൈമാറാൻ തയ്യാറാകുന്നത്. ഇതിനുപുറമെ ദീർഘദൂര ഗ്ലൈഡ് ബോംബുകൾ, റാംപേജ് എയർ-ടു-സർഫസ് മിസൈലുകൾ, കടൽമാർഗ്ഗമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബരാക് മിസൈൽ സംവിധാനങ്ങൾ എന്നിവ വാങ്ങുന്ന കാര്യത്തിലും ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രതിരോധത്തിന് പുറമെ കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, കുടിവെള്ള വിതരണം, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കും. ഭീകരവാദത്തിനെതിരെ ഒരേ സ്വരത്തിൽ പോരാടുന്ന ഇന്ത്യയും ഇസ്രായേലും രാഷ്ട്രീയപരമായ ഒട്ടുമിക്ക വിഷയങ്ങളിലും സമാനമായ നിലപാടുകളാണ് പുലർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള അടുത്ത സൗഹൃദം ഈ ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തേകുന്നു. സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

Related Articles

Latest Articles