കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ കോട്ടകൾ ഒന്നൊന്നായി തകരുന്നതിനിടയിൽ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കി കൊൽക്കത്ത കോർപ്പറേഷൻ മേയർ ഫിർഹാദ് ഹക്കീം (ബോബി ഹക്കീം) രാജിവെച്ചു. മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചുചേർത്ത സുപ്രധാന ഭരണപരമായ യോഗത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ബോബി ഹക്കീം രാജിക്കത്ത് സമർപ്പിച്ചത്. സംസ്ഥാനത്ത് ഒരു വശത്ത് തൃണമൂൽ എംഎൽഎമാരും മുതിർന്ന നേതാക്കളും പരസ്യമായി പാർട്ടി വിടുമ്പോൾ, കൊൽക്കത്തയുടെ മേയർ പദവിയിൽ നിന്നുള്ള ബോബി ഹക്കീമിന്റെ ഈ പടിയിറക്കം ടിഎംസി നേരിടുന്ന കടുത്ത ആഭ്യന്തര പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
കുനാൽ ഘോഷ്, നയനാ ബന്ദോപാധ്യായ തുടങ്ങിയ പ്രമുഖ നേതാക്കൾ പാർട്ടിയിൽ പുകയുന്ന അസംതൃപ്തി നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ഹക്കീമും രണ്ട് തൃണമൂൽ എംഎൽഎമാരും സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കൃത്രിമ ഓക്സിജൻ നൽകി ജീവൻ നിലനിർത്തുന്ന ഒരു രോഗിയുടെ അവസ്ഥയിലാണ് തൃണമൂൽ കോൺഗ്രസ് ഉള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗാളിയിലെ ‘മൊറാർ ഉപോർ ഖരാർ ഘാ’ (ചത്ത പാമ്പിനെ വീണ്ടും തല്ലുക) എന്ന പ്രയോഗത്തിന് സമാനമായാണ് ഈ രാജിയെ പാർട്ടി പ്രവർത്തകർ കാണുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് എന്നീ കേന്ദ്ര ഏജൻസികൾ ബോബി ഹക്കീമിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ നാടകീയ നീക്കങ്ങൾ.
മമത ബാനർജിയുടെ ഏറ്റവും ശക്തമായ വോട്ട് ബാങ്കായ മുസ്ലിം നേതൃത്വത്തിന് പാർട്ടിയോട് മടുപ്പ് തോന്നിത്തുടങ്ങി എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ രാജി. മുൻപ് മമതയെ കണ്ണടച്ച് പിന്തുണച്ചിരുന്ന ജാവേദ് ഖാൻ, ഉത്തര ബംഗാളിലെ പ്രമുഖ മുസ്ലിം മുഖമായ മന്ത്രി സബീന യാസ്മിൻ തുടങ്ങിയവർ പാർട്ടി നേതൃത്വത്തിൽ നിന്നും അകന്ന് പുതിയ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലേക്ക് ഇതിനകം തന്നെ ചുവടുമാറ്റി കഴിഞ്ഞു. ഈയിടെ പെരുന്നാൾ നമസ്കാരത്തിന്റെ വേദിയായ റെഡ് റോഡ് മാറ്റാനുള്ള പുതിയ ഗവൺമെന്റിന്റെ തീരുമാനത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് ജാവേദ് ഖാൻ രംഗത്തെത്തിയത് മമതയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. മമത ബാനർജിയുമായി പതിറ്റാണ്ടുകളുടെ കുടുംബപരമായ ആത്മബന്ധമുള്ള ബോബി ഹക്കീമിന്റെ മക്കൾ പോലും കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ടിഎംസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഭരണപരമായ കാരണങ്ങളാണ് ബോബി ഹക്കീം രാജിക്ക് കാരണമായി മമതയ്ക്ക് മുന്നിൽ നിരത്തിയത്. പുതിയ കോർപ്പറേഷൻ കമ്മീഷണർ സ്മിതാ പാണ്ഡെ അതിശക്തമായ ഭരണനടപടികളുമായി മുന്നോട്ട് പോകുമ്പോൾ മേയർ എന്ന പദവിക്ക് യാതൊരുവിധ യഥാർത്ഥ അധികാരവുമില്ലെന്നും, എന്നാൽ ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തം താൻ ഏൽക്കേണ്ടി വരുന്നു എന്നുമാണ് ഹക്കീമിന്റെ പരാതി. ഇതിനൊപ്പം കോർപ്പറേഷനിലെ ഭൂരിഭാഗം കൗൺസിലർമാരും അഭിഷേക് ബാനർജിയുടെയും ഐപാക്കിന്റെയും (IPAC) കോർപ്പറേറ്റ് ശൈലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ കൗൺസിലർമാർ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് നാണംകെട്ട് പുറത്തുപോകുന്നതിലും ഭേദം സ്വയം രാജിവെക്കുന്നതാണെന്ന് ബോബി ഹക്കീം കണക്കുകൂട്ടി. വരാനിരിക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏൽക്കാൻ പോകുന്ന കനത്തെ തിരിച്ചടി മുൻകൂട്ടി കണ്ടാണ് ഈ തന്ത്രപരമായ പിന്മാറ്റം. ഒപ്പം, ബോബി ഹക്കീം ബിജെപിയുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന സംശയവും തൃണമൂൽ ക്യാമ്പിൽ ശക്തമാണ്.

