തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം ശ്രമങ്ങള്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുമെന്നും ”ബാലറ്റിന് അര്‍ത്ഥമില്ലാതാകുമ്പോള്‍ തെരുവിന് അര്‍ത്ഥം ലഭിക്കും” എന്നും അവര്‍ മുന്നറിയിപ്പ് നല്കി.
”അശാന്തി ആരംഭിക്കുന്നത് ഒരു ആഖ്യാനത്തിലൂടെയാണ്. തുടര്‍ന്ന് അരാജകവാദികളും തീവ്ര നിലപാടുകളുള്ള വിഭാഗങ്ങളും ആ ശൂന്യത കൈയടക്കും. അവരില്‍ ചിലര്‍ രാജ്യത്തിനകത്തുള്ളവരാണ്. ചിലര്‍ രാജ്യത്തിന് പുറത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമാണ്,” കത്തില്‍ പറയുന്നു.
ചീഫ് ഇലക്ഷന് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനും വോട്ടര്‍പട്ടിക പരിഷ്കരണത്തിനുമെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് മുന്‍ ജഡ്ജിമാരുടെ രൂക്ഷമായ ഭാഷയിലുള്ള കത്ത് പുറത്തുവന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്, ജുഡീഷ്യറി, മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയെ ദുര്‍ബലപ്പെടുത്താന്‍ നടക്കുന്ന പ്രചാരണത്തില്‍ മുന്‍ ജഡ്ജിമാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. മതിയായ തെളിവുകളില്ലാതെ ”വോട്ട് മോഷണം” ആരോപിക്കുന്നതിനെയും ഭരണഘടനാ സ്ഥാപനങ്ങളിലെ അധികാരികളെ ആവര്‍ത്തിച്ച് ”കള്ളന്മാര്”, ”വിശ്വാസയോഗ്യമല്ലാത്തവര്” എന്നിങ്ങനെ വിശേഷിപ്പിക്കുന്നതിനെയും അവര്‍ ചോദ്യം ചെയ്തു.
”ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുന്നത് നിഷ്പക്ഷമായ നിലപാടല്ല. ഞങ്ങളുടെ ആശങ്ക അതീവ ഗൗരവമുള്ളതാണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ ആക്രമണത്തിന് വിധേയമാകുകയാണ്,” കത്തില്‍ പറയുന്നു.
”ഈ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷന് മാറിയിരിക്കുകയാണ്. നാം അതീവ ബഹുമാനിക്കുന്ന ഉന്നത നീതിന്യായ സംവിധാനത്തെയും നിയമപരമായ അധികാരമുള്ള മറ്റ് സ്ഥാപനങ്ങളെയും ഒഴിവാക്കിയിട്ടില്ല,” കത്തില്‍ കൂട്ടിച്ചേര്‍ത്തു. ഈ ആക്രമണങ്ങള്‍ യുക്തിസഹമായ വിമര്‍ശനങ്ങളല്ലെന്നും മുന്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
”ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്നതിന്റെ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ, രാഷ്ട്രീയ താല്പര്യങ്ങളാല് നയിക്കപ്പെടുന്ന ആസൂത്രിത പ്രചാരണമാണ് ഇതെന്ന് തോന്നുന്നു,” കത്തില്‍ പറയുന്നു.
വോട്ടര്‍പട്ടികകളുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നിയമപരമായി അംഗീകരിക്കപ്പെട്ട നടപടിയാണെന്നും, വോട്ടര്‍പട്ടികകള്‍ ശുദ്ധവും കൃത്യവുമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കത്തില്‍ ഒപ്പുവെച്ച മുന്‍ ജഡ്ജിമാര്‍ വ്യക്തമാക്കി.
”ജനാധിപത്യത്തില്‍ സ്ഥാപനങ്ങളെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമില്ല,” എന്നും കത്തില്‍ മുന്നറിയിപ്പ് നല്കി.
”ജനാധിപത്യത്തിന്റെ കറന്‍സി വിശ്വാസമാണ്,” എന്ന് ചൂണ്ടിക്കാട്ടിയ അവര്‍, തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അശാന്തിക്ക് വഴിവയ്ക്കുകയും അരാജകവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കി.
”’വോട്ട് മോഷണം’ എന്ന ആരോപണങ്ങള്‍ കോടതികളില്‍ തെളിവുകളോടെ ഉന്നയിക്കുന്നതിന് പകരം വാര്‍ത്താസമ്മേളനങ്ങളിലാണ് ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അത് നല്‍കുന്നില്ല. പരാജയത്തിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (EVM) കുറ്റപ്പെടുത്തുന്നത്. അതേസമയം, അതേ മെഷീനുകളില്‍ നേടിയ വിജയങ്ങളെ ചോദ്യം ചെയ്യുന്നില്ല,” കത്തില്‍ പറയുന്നു.
”അഞ്ച് പതിറ്റാണ്ടിലേറെക്കാലം രാജ്യം ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി, തങ്ങളെ അധികാരത്തിലെത്തിച്ച അതേ സംവിധാനമാണ് ക്രമക്കേടുകള്‍ നിറഞ്ഞതെന്ന് ഇപ്പോള്‍ ആരോപിക്കുന്നത് വിരോധാഭാസമാണ്,” എന്നും കത്തില്‍ പറയുന്നു.
ഇത്തരം ആരോപണങ്ങള്‍ക്ക് ചില പ്രവര്‍ത്തക സംഘടനകള്‍ നിയമപരമായ വിശ്വാസ്യതയുടെ മറ നല്‍കുന്നതായും കത്തില്‍ വിമര്‍ശിക്കുന്നു.
”തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളില്‍ മാത്രം നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ ദീര്‍ഘകാല റെക്കോര്‍ഡുള്ള ചില പ്രവര്‍ത്തക സംഘടനകള്‍ ഈ ആരോപണങ്ങള്‍ക്ക് നിയമസാധുതയുടെ ഒരു പുറംമൂടി നല്കുന്നു. അവര്‍ ഒന്നിന് പിന്നാലെ ഒന്നായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ പലപ്പോഴും തെളിവുകള്‍ സമര്‍പ്പിക്കുന്നില്ല. കോടതി മുറി ഒരു വേദിയായി മാറുന്നു. വിധി തങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ അതിനെ വിമര്‍ശിക്കുന്നു. തുടര്‍ന്ന് പൊതുജനങ്ങളുടെ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷപരമായ പ്രചാരണങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നു,” കത്തില്‍ ആരോപിക്കുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജിമാര്‍, വിവിധ ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരും ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു.
സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ ഭാഗമായി മൂന്ന് കോടിയിലധികം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായും, ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ വിഷയത്തില്‍ ജുഡീഷ്യറിക്കുള്ളിലും വ്യത്യസ്ത നിലപാടുകള്‍ ഉയരുന്നതായി കാണുന്നു.
ഈ ആഴ്ച ആദ്യം രണ്ട് പ്രമുഖ ജഡ്ജിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിമര്‍ശനാത്മക നിലപാട് സ്വീകരിച്ചിരുന്നു.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. ജനങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം ”വലിയ അപകടത്തിലാണ്” എന്നും രാജ്യത്ത് ”വളരെ, വളരെ അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടാകാന്‍ പാടില്ല,” അദ്ദേഹം പറഞ്ഞു.
”പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ 90 ലക്ഷം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെട്ടതായി നിങ്ങള്‍ എല്ലാവരും കണ്ടതാണ്. അതിശയിപ്പിക്കുന്ന കണക്കാണിത്. 90 ലക്ഷം വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടിട്ടും, ഇത് തടയാന്‍ സുപ്രീം കോടതിക്ക് ആവശ്യമായ ഇടപെടല്‍ ഉണ്ടായില്ല. ഇതിന്റെ ഫലമായി പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആ 90 ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല,” എന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍, രാജ്യത്തെ വലിയൊരു വിഭാഗം പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന ഏതൊരു നടപടിയും ”ഭരണഘടനാ വ്യവസ്ഥയുടെ നിഷേധമാണ്” എന്ന് അഭിപ്രായപ്പെട്ടിരുന്നു. ”ഒരു അധികാരസ്ഥാപനത്തിനും അത് ചെയ്യാന്‍ കഴിയില്ല; ഒരു കോടതിക്കും അത് അംഗീകരിക്കാന്‍ കഴിയില്ല,” എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

