ദില്ലി : രാജ്യത്ത് കൊവിഡ് 19 ന്റെ സാമൂഹ്യവ്യാപനം ഉണ്ടായെന്ന് തെളിയിക്കുന്ന കേസുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന് കൗണ്സില് ഫോര് മെഡിക്കല് റിസര്ച്ച്. ഫെബ്രുവരി പകുതി മുതല് ഏപ്രില് രണ്ടുവരെയുള്ള 5911 സാമ്പിളുകളാണ് ഐ.സി.എം.ആര് ടെസ്റ്റ് ചെയ്തത്.
ആദ്യഘട്ടത്തില് നടത്തിയ പഠനത്തില് ഇന്ത്യയില് സാമൂഹിക വ്യാപനം ഉണ്ടായി എന്നതിന് തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു ഐ.സി.എം.ആര് വ്യക്തമാക്കിയത്.
കൊവിഡിന്റെ ലക്ഷണങ്ങള് കാണിക്കുന്നവരിലാണ് പഠനം നടത്തിയത്. ഓരോഘട്ടത്തിലും രോഗികളുടെ എണ്ണത്തില് വന് വര്ദ്ധനവാണുണ്ടായത്. 5911 പേരെ ടെസ്റ്റിന് വിധേയമാക്കിയപ്പോള് 104പേര്ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര ചരിത്രമോ, രോഗികളോട് ഇടപഴകിയിട്ടോ ഇല്ലാത്തവരാണ് ഇതില് 40 പേര്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ രോഗബാധിതരുടെ എണ്ണം5,895 ആയിരുന്നു.വ്യാഴാഴ്ച വരെയുള്ള കണക്കു പ്രകാരം മരിച്ചവരുടെ എണ്ണം 169 ആയിരുന്നു. ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 478 ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പുതിയ കേസുകളും 20 മരണവുമാണ് വിവിധ സംസ്ഥാനങ്ങളിലായി ഇന്ത്യയില് റിപ്പോര്ട്ട് ചെയ്തത്.

