ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-01 അടക്കം പത്തോളം ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി49 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വൈകിട്ട് 3.12ന് ആയിരുന്നു വിക്ഷേപണം. കനത്തമഴയെ തുടർന്ന് കൗണ്ട്ഡൗൺ അഞ്ച് മിനിട്ട് സമയത്തേക്ക് നിർത്തി വച്ചിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് വിക്ഷേപണം നടത്തിയത്.
ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന ഉപഗ്രഹമായ ഇഒഎസ്-01 കൃഷി, വനപരിപാലനം, ദുരന്തനിവാരണം എന്നിവയിൽ രാജ്യത്തിന് വളരെയധികം സഹായകമാകുമെന്നാണ് പ്രതീക്ഷ. 2020ൽ ഐഎസ്ആർഒയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. ലിത്വാനിയ (1 ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ), ലക്സംബർഗ് (4 മാരിടൈം ആപ്ലിക്കേഷൻ), യുഎസ് (4 മൾട്ടി മിഷൻ റിമോട്ട് സെൻസിങ്) എന്നീ രാജ്യങ്ങളുടെ 9 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചവയിൽ ഉൾപ്പെടുന്നു. വിക്ഷേപണം കാണാൻ പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരുന്നതിനാൽ സന്ദശക ഗ്യാലറികൾ വിക്ഷേപണ സമയത്ത് ഒഴിഞ്ഞു കിടന്നിരുന്നു.

