Saturday, May 4, 2024
spot_img

തൊഴുകൈകളുമായി ഭക്തർ, തിരുവാഭരണഘോഷയാത്ര നാളെ; കാണാം,തത്സമയം തത്വമയിയിൽ

മകരസംക്രമ സന്ധ്യയില്‍ ശ്രീശബരീശന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് നാളെ പുറപ്പെടും. തിരുവാഭരണഘോഷയാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പന്തളം കൊട്ടാരം നിര്‍വാഹകസംഘം  ഭാരവാഹികള്‍  അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്ര.യാത്ര ആരംഭിക്കുന്നത് മുതലുള്ള വിവരങ്ങളും ,യാത്രാ പാതയിലെ ഓരോ പോയിന്റുകളിൽ നിന്നുള്ള വിശേഷങ്ങളും തത്വമയി നെറ്റ്‌വർക്ക് തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കും.രാവിലെ പത്തു മണി മുതൽ പ്രേക്ഷകർക്ക് തിരുവാഭരണഘോഷയാത്രയുടെ വിശേഷങ്ങളും ചടങ്ങുകളും കാണാം. 

കൊട്ടാരത്തിലുണ്ടായ അശുദ്ധി മൂലം ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല. അതിനാല്‍ പ്രത്യേക ചടങ്ങുകളുമില്ല. രാവിലെ 11 മണിയോടെ ക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണം എത്തും. 11 മണി വരെ മാത്രമേ ദര്‍ശനമുള്ളൂ. ക്ഷേത്രം അണുവിമുക്തമാക്കിയതിനു ശേഷം തിരുവാഭരണ പേടകങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കും. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രവും ക്ഷേത്ര പരിസരവും അണുവിമുക്തമാക്കും. രാവിലെ 11ന് തിരുവാഭരണ വാഹക സംഘത്തിന് കര്‍പ്പൂരാഴിയോടെ സ്വീകരണം. ഉച്ചയ്ക്ക് 12ന് ശ്രീകോവിലില്‍ നിന്ന് ദീപം തിരുവാഭരണത്തിനു മുമ്പിലുള്ള വിളക്കില്‍ മേല്‍ശാന്തി തെളിയിക്കും. 

തുടര്‍ന്ന് തിരുവാഭരണ പേടകം ആചാര പ്രകാരം പീഠത്തില്‍ ഒരുക്കും. തിരുവാഭരണ വാഹക സംഘത്തിന് മേല്‍ശാന്തി പൂജിച്ച മാല നല്‍കും. ഉച്ചപൂജയ്ക്ക് ശേഷം 12.45ന് മേല്‍ശാന്തി പ്രധാന പേടകത്തില്‍ നീരാഞ്ജനം ഉഴിഞ്ഞ് 12.55ന് തിരുവാഭരണ പേടകം കൊട്ടാര കുടുംബാംഗങ്ങള്‍ പ്രദക്ഷിണമായി എടുത്ത് കിഴക്കേനടയില്‍ എത്തിക്കും.  

പിന്നീട് തിരുവാഭരണം ഗുരുസ്വാമി ശിരസ്സില്‍ ഏറ്റി ആകാശത്ത് വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്പ്പരുന്തിനെ സാക്ഷിയാക്കി വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ആദ്യ സ്വീകരണം മണികണ്ഠന്‍ ആല്‍ത്തറയില്‍. കൈപ്പുഴ കുളനട ഉള്ളന്നൂര്‍ ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ എത്തുന്ന ഘോഷയാത്ര ആദ്യ ദിവസം അവിടെ തങ്ങും. 13ന് അയിരൂരില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി 7.30ഓടെ ളാഹ സത്രത്തില്‍ സമാപിക്കും. 14ന് രാവിലെ രാവിലെ ളാഹയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയില്‍ എത്തിച്ചേരും.  

അവിടെ ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ആറുമണിയോടെ സന്നിധാനത്ത് എത്തിച്ച് ദീപാരാധന നടക്കുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ട്രഷറര്‍ ദീപാ വര്‍മ്മ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. രാജീവ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാല്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Latest Articles