Tuesday, January 13, 2026

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസ് ഉടമ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഉടമ പോലീസിന് മുന്നില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് സുരേഷ് കല്ലട ഹാജരായത്. സുരേഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

നാലരയ്ക്കാണ് സുരേഷ് കല്ലട ഹാജരായത്. രണ്ട് ദിവസം മുമ്പാണ് ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് ഹജരാകാതിരിക്കുകയായിരുന്നു ഇയാൾ. തുടര്‍ന്ന് പോലീസ് അന്ത്യശാസനം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം സിറ്റി പോലീസ് കമ്മീഷണറടക്കം ഇയാൾക്ക് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് തൃക്കാക്കര എസിപി ഓഫീസില്‍ ബസ്സുടമ ഹാജരായത്.

അര്‍ധരാത്രിയില്‍ കേടായി വഴിയില്‍ കിടന്ന കല്ലട ബസ്സിനു പകരം സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ട യുവാക്കളെ ജീവനക്കാര്‍ ബസ്സിനുള്ളില്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കല്ലട ബസ്സിനുള്ളില്‍ നേരിട്ട ദുരനുഭവങ്ങള്‍ ഫെയ്സ്ബുക്കിലൂടെ നിരവധി സ്ത്രീകളും യാത്രക്കാരും പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ സുരേഷ് കല്ലടയോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്.

എത്രനാള്‍ മുമ്പാണ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവരുടെ പശ്ചാത്തലം എന്താണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് ആരായും. സമാനമായ ആരോപണങ്ങള്‍ നിരവധി യാത്രക്കാർ പോലീസുമായി പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള മൊഴിയാണ് രേഖപ്പെടുത്തുക.

യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ‘സുരേഷ് കല്ലട’ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു.

Related Articles

Latest Articles