വാരാണസി: സ്വന്തം തട്ടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണാസിയില്‍ റോഡ് ഷോയോടെയാണ് മോദി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഏഴ് കിലോമീറ്റര്‍ നീളുന്ന റോഡ്ഷോയില്‍ ആറ് ലക്ഷം പേരാണ് പങ്കെടുത്തത്.ജാതി സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉള്ള ഉത്തര്‍പ്രദേശില്‍ വാരാണാസിയിലെ ഇന്നത്തെ സമൂഹത്തിലെ എല്ലാതുറകളിലെ ആളുകളും റോഡ് ഷോയില്‍ പങ്കെടുത്തത് ശ്രദ്ധേമായി. ജാതി വ്യത്യാസങ്ങള്‍ക്ക് അതീതമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിട്ടുന്ന ജനകീയ പിന്തുണ ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടം ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
ബനാറസ് ഹിന്ദു സര്‍വകലാശാല കവാടം മുതല്‍ ദശാശ്വമേധ് ഘട്ടുവരെയായിരുന്നു റോഡ്ഷോ. ഹിന്ദു മഹാസഭാ നേതാവ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് മോദി റോഡ് ഷോ ആരംഭിച്ചത്.വാഹനത്തില്‍ ഒറ്റക്കാണ് മോദി സഞ്ചരിച്ചത്. യോഗി ആദിത്യനാഥ്, അനുപ്രിയ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ മറ്റൊരു വാഹനത്തില്‍ മോദിയെ അനുഗമിച്ചു.
റോഡ്ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ഗംഗാതീരത്ത് നടന്ന ആരതി ചടങ്ങുകള്‍ വീക്ഷിച്ചു.ശേഷം ദശാശ്വമേധ് ഘട്ടിലെത്തി പ്രധാനമന്ത്രി തന്നെ ഗംഗാതീരത്ത് ഗംഗാ ആരതിയും പൂജയും നിര്‍വ്വഹിച്ചു.ദേവ മന്ത്രോച്ചാരണം മുഴങ്ങിയ ചടങ്ങില്‍ ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.

