കോഴിക്കോട്: മിഠായിത്തെരുവിലെ വഴിയോരക്കടകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലിസിന്റെ മുന്നറിയിപ്പ്. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നുമാണ് സിറ്റി പോലിസ് കമ്മീഷണര്‍ എ.വി ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാൽ കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോരക്കച്ചവടക്കാര്‍ സിറ്റി പോലിസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നിയന്ത്രണം പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഞായറാഴ്ച മിഠായിത്തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലിസ് ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു പോലിസിന്റെ വിശദീകരണം.
അതേസമയം ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ്. കടകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്. സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ പെരുന്നാളിന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഐഎംഎ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തെറ്റാണെന്ന് ഐഎംഎ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റി വച്ച സാഹചര്യത്തില്‍ കേരളത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും ഇളവ് ഉടന്‍ പിന്‍വലിക്കണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

