Sunday, May 19, 2024
spot_img

പറന്നുയർന്ന് കൊച്ചി-ലണ്ടൻ വിമാനം; യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ ലണ്ടൻ വിമാനം കൊച്ചിയിൽ നിന്നും പുറപ്പെട്ടു

കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ കൊച്ചിയിൽ നിന്നുള്ള ലണ്ടൻ വിമാനം പുറപ്പെട്ടു. പുലർച്ചെ 3.30 ന് ഇന്നലെ കൊച്ചിയിൽ എത്തിച്ചേർന്ന എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ വിമാനം ഈ സമയം കഴിഞ്ഞും ഇന്നലെ പുറപ്പെട്ടിരുന്നില്ല. തുടർന്ന് യാത്രക്കാർ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ ഒരു അറിയിപ്പ് പോലും ലഭിക്കാത്തതിനാൽ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വൃദ്ധരായവരും കുട്ടികളും രോഗികളും പ്രായമായവരും അടക്കം കുടുങ്ങിക്കിടക്കുന്നവരിൽ ഉണ്ടെന്നും വിമാനം വൈകുന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യാത്രക്കാർ പ്രതിഷേധിച്ചത്.

എന്നാൽ ഇതിനുപിന്നാലെ വൈകിട്ടോടെ എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ നെടുമ്പാശേരിയിലുള്ള ഹോട്ടലിലേക്ക് മാറ്റി. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യന്ത്രത്തകരാർ പരിഹരിച്ച് വിമാനം ഇന്ന് ഉച്ചക്ക് 12.30ന് ലണ്ടനിലേക്ക് തിരിച്ചു.

ഓണക്കാലത്തോടനുബന്ധിച്ചാണ് എയർ ഇന്ത്യ കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിച്ചത്. കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് ഇന്നലെ മുതലാണ് എയർ ഇന്ത്യയുടെ വിമാന സർവ്വീസ് ആരംഭിച്ചത്. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുള്ള സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമായി കൊച്ചി മാറും. ഏകദേശം 10 മണിക്കൂർ ദൈർഘ്യമാണ് കൊച്ചി-ലണ്ടൻ വിമാനയാത്രയ്ക്ക്. ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഈ മാസം ആദ്യം യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles