Wednesday, December 31, 2025

ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റിന് ചില പൊടിക്കൈകള്‍

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുളളവരാണ് പലരും. ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വെക്കുന്നത് അമിത സാമ്പത്തിക ബാധ്യത വരുത്താന്‍ ഇടയാക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യ സമയത്ത് തന്നെ തിരിച്ചടയ്ക്കണം. അല്ലാത്ത പക്ഷം ചെറുതല്ലാത്ത പലിശ അടയ്ക്കേണ്ടതായി വരും. ഇതെല്ലാം കൃത്യമായി മാനേജ് ചെയ്യാത്തപക്ഷം വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.

അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സും പലിശയും കൃത്യമായി രേഖപ്പെടുത്തി വെക്കണം. ബില്‍ അടയ്ക്കേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പെങ്കിലും മുടങ്ങാതെ ബില്ലടയ്ക്കുക. ഇത് കൃത്യമായി എഴുതി സൂക്ഷിക്കുന്നത് തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ സഹായിക്കും. ഒന്നിലേറെ കാര്‍ഡുകളില്‍ നിന്നായി വലിയ തുക ഒന്നിച്ച് അടയ്ക്കുന്നതിന് പകരം ചെറിയ തുകകള്‍ ഇടയ്ക്കിടയ്ക്കായി അടയ്ക്കുന്നത് വലിയ തുക ഒന്നിച്ചടയ്ക്കുമ്പോഴുണ്ടാക്കുന്ന മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കും.

17 ശതമാനമാണ് ക്രെഡിറ്റ് കാര്‍ഡിലെ ശരാശരി പലിശ. അടവ് തെറ്റിയാല്‍ പലിശ ക്രമാതീതമായി ഉയരും. അതിനാല്‍ കൂടുതല്‍ പലിശയുളളത് ഏത് കാര്‍ഡിനാണെന്ന് പരിശോധിച്ച് അത് ആദ്യം അടച്ച് തീര്‍ക്കുകയാണ് ഉത്തമം. മാസത്തിലൊരിക്കല്‍ അടയ്ക്കുന്നതിന് പകരം മാസത്തില്‍ രണ്ട് പ്രാവശ്യമെന്ന രീതിയില്‍ കാര്‍ഡിലെ തുക അടച്ച് തീര്‍ക്കണം.

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണം വ്യക്തിഗത വായ്പയാക്കി കണ്‍സോളിഡേറ്റ് ചെയ്യുകയാണ് ഉയര്‍ന്ന പലിശയില്‍ നിന്നും രക്ഷ നേടാനുളള ഒരു പോംവഴി. വായ്പയുടേത് ക്രെഡിറ്റ് കാര്‍ഡ് പലിശയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന് മാത്രമല്ല, അടച്ച് തീര്‍ക്കാന്‍ ക്രെഡിറ്റ് കാര്‍ഡിനേക്കാല്‍ സമയവും ലഭിക്കും.

നിശ്ചിത കാലയളവില്‍ പലിശ ഈടാക്കാത്ത ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ട്. ഒരു വര്‍ഷമോ അതില്‍ കൂടുതല്‍ കാലമോ സീറോ എപിആര്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ട്. ഓരോ മാസവും മുഴുവന്‍ തുകയും അടച്ചുതീര്‍ക്കണമെന്നില്ല എന്നതാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകളുടെ ഗുണം. ഇതിനുപകരം നിശ്ചിത തുക മാത്രം അടച്ചാല്‍ മതിയാകും. സീറോ എപിആര്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ മൊത്തം പെയ്മന്റ് നീളരുതെന്ന് മാത്രം.

Related Articles

Latest Articles