Thursday, May 16, 2024
spot_img

വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ അകപ്പെട്ട കരടി ചത്തു!രക്ഷാപ്രവർത്തനം പരാജയപ്പെടാൻ കാരണമെന്ത് ?

തിരുവനന്തപുരം : വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ അകപ്പെട്ട കരടി ചത്തത്, വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റുന്നതിനിടെ ഊര്‍ന്ന് കിണറ്റിലേക്ക് വീണത് മൂലമാണെന്ന് പ്രാഥമിക നിഗമനം. ജനങ്ങള്‍ തിക്കിത്തിരക്കിയതും രക്ഷാപ്രവര്‍ത്തനത്തിനെ ദോഷകരമായി ബാധിച്ചു.

വെള്ളനാട് കണ്ണമ്പള്ളിയില്‍ പ്രഭാകരന്‍ നായര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെയോടെ കരടി അകപ്പെട്ടത്. അയൽ വീട്ടിലെ കോഴികളെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. പശുവിന്റെ ശബ്ദം കേട്ട് അയൽവാസിയായ വിജയൻ എണീറ്റ് എത്തുമ്പോള്‍ കോഴിക്കൂട് തകര്‍ന്ന നിലയിലായിരുന്നു. രണ്ടു കോഴികള്‍ ചത്ത നിലയില്‍ കൂട്ടിലും ബാക്കിയുള്ള കോഴികള്‍ പറമ്പിലായിരുന്നു. കിണറ്റിലെ മുരൾച്ച കേട്ട് നോക്കിയപ്പോഴാണ് കരടി കിണറ്റില്‍ വീണത് അറിഞ്ഞത്.

തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉടനെ സ്ഥലത്തെത്തി. അപ്പോൾ കരടി കിണറ്റിന്റെ വശങ്ങളില്‍ പിടിച്ചു നില്‍ക്കാൻ ശ്രമിക്കുകയായിരുന്നു. പലതവണ മുകളിലേക്ക് കയറാന്‍ കരടി ശ്രമിച്ചെങ്കിലും വഴുതി കിണറ്റിലേക്ക് തന്നെ തിരികെ വീണു. കരടി മുകളിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല വിരിച്ചു.കുടുങ്ങിയത് പൂർണ്ണ വളർച്ചയെത്തിയ കരടിയായതിനാൽ മയക്കാതെ വലയില്‍ കുടുക്കി എടുക്കുന്നത് പ്രായോഗികമായിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുലര്‍ച്ചെ 4 മണിയോടെ മൃഗശാലയിലെ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ വനംവകുപ്പ് വിവരം അറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തുകയും ചെയ്തു. വലയെറിഞ്ഞ് കുരുക്കിയാല്‍ കരടി വല കീറാന്‍ സാധ്യതയുണ്ടായിരുന്നു. പുറത്തെത്തിച്ചശേഷം വലകീറിയാല്‍ ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാം എന്നതും വനംവകുപ്പ് പരിഗണിച്ചു. മോട്ടര്‍ ഉപയോഗിച്ച് കിണറിലെ വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും വയര്‍ കരടി മുറിച്ചു. തുടർന്ന് കരടിയെ മയക്കുവെടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

രാവിലെ 9.20ന് ഡോ.അലക്‌സാണ്ടര്‍ വെടിവച്ചു. രണ്ടാമത്തെ വെടി കരടിയുടെ ദേഹത്തുകൊണ്ടു. ശേഷം പതിയെ കരടിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വലയില്‍നിന്ന് തെന്നിമാറി കിണറ്റിലേക്ക് തിരികെ വീണു. കരടിയെ വെള്ളത്തില്‍നിന്ന് ഉയര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും കരടി പൂര്‍ണമായി മയങ്ങിയിരുന്നില്ല. കിണറിലിറങ്ങിയ ഉദ്യോഗസ്ഥന് ശുദ്ധ വായു ലഭിക്കാത്തതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയുംആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വെടിയേറ്റ് അരമണിക്കൂര്‍ കഴിഞ്ഞിട്ടും കരടിയെ കരയ്ക്ക് കയറ്റാൻ കഴിയാതെ വന്നതോടെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കരടി മയക്കത്തിലാണോ എന്നറിയാത്തതിനാൽ അരമണിക്കൂറോളം ആരും കിണറിലേക്ക് ഇറങ്ങിയില്ല. നാട്ടുകാര്‍ കിണറിനു ചുറ്റും കൂടിയത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. 11 മണിയോടെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഒടുവിൽ കിണറിലേക്ക് ഇറങ്ങുകയും കരടിയെ വലയില്‍ കെട്ടി പുറത്തെത്തിക്കുകയും ചെയ്തു. തുടർന്ന് പ്രത്യേക കൂടില്‍ പാലോട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. കരടി ചത്തതായി 11.50 ഓടെ സ്ഥിരീകരിച്ചു.

Related Articles

Latest Articles