ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനടക്കം മൂന്ന് പേർക്കുള്ള തെരച്ചിൽ പുരോഗമിക്കവേ ഗംഗാവലി പുഴയോരത്ത് നിന്ന് അസ്ഥി കണ്ടെത്തി. ഇത് മനുഷ്യന്റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് മാറ്റി. അസ്ഥി മനുഷ്യന്റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. പരിശോധന ഫലത്തിനായി ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.
അതേസമയം ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മല്‍പെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. പോലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ല എന്നാരോപിച്ചാണ് മാല്‍പെ ദൗത്യം അവസാനിപ്പിച്ചത്. കാര്‍വാര്‍ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും മാല്‍പേ പറഞ്ഞു.
എന്നാല്‍, ആശയക്കുഴപ്പം ഒന്നുമില്ലെന്നും നാളെ മുതൽ ഉള്ള തെരച്ചിലിൽ നാവികസേന ഉൾപ്പടെ ഭാഗമാകും എന്നും ജില്ലാ കലക്ടറും സ്ഥലം എംഎൽഎ സതീഷ് സെയിലും പറഞ്ഞു

