Friday, May 3, 2024
spot_img

മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിനെതിരെ കേസെടുക്കാം! പ്രതിഷേധക്കാരെ ഗൺമാൻ തല്ലിച്ചതച്ച സംഭവത്തിൽ സുപ്രധാന ഉത്തരവുമായി ആലപ്പുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി

നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച സംഭവത്തിൽ ​ഗൺമാനെതിരെ കേസെടുക്കണമെന്ന് കോടതി. കെഎസ്‍യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് നൽകിയ ഹർജിയിലാണ് ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്. ആലപ്പുഴ സൗത്ത് പോലീസിനാണ് നിർദേശം. മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോ​ഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുമായിരുന്നു ഹർജി.

പ്രവർത്തകരെ മർദ്ദിച്ച ഗൺമാനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ എസ്.പിക്കുൾപ്പെടെ പരാതി നൽകിയിരുന്നു.എന്നാൽ ജോലിയുടെ ഭാ​ഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോ​ഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകിയത്. പിന്നാലെയാണ് വീഡിയോ സഹിതം കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തത്.

നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ മര്‍ദിച്ചത്. മുദ്രാവാക്യം വിളിച്ച രണ്ടുപ്രവര്‍ത്തകരെ ആദ്യം പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. ശേഷം മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു. എന്നാല്‍, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പടെയുള്ള അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവരികയും പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു.

Related Articles

Latest Articles