Wednesday, April 24, 2024
spot_img

മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി ഹാജരായി, ജാമ്യത്തിൽ വിടും,പോലീസിനെതിരെ ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി ഇന്ന് ഹാജരായി. കൊല്ലം സ്വദേശി സെന്തിൽകുമാറാണ് പോലീസിന് മുന്നിൽ ഹാജരായത്. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനൻ കോടതി നിർദേശിച്ചിരുന്നു. കേസിൽ സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശം ഉണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയക്കും.

പരിക്കേറ്റ വനിത പിജി ഡോക്ടർ അവധിയിൽ പ്രവേശിച്ചു. കടുത്ത മാനസിക സമ്മർദത്തിലാണെന്നും തൽകാലം മാറി നിൽക്കുകയാണെന്നും ഡോക്ടർ ഒപ്പമുള്ളവരേയും ഡോക്ടർമാരുടെ സംഘടനയേയും അറിയിച്ചിരുന്നു. അവധിയിൽ പ്രവേശിക്കുന്ന ഡോക്ടർ ഇന്ന് യുഎഇയിലേക്ക് പോകും.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മർദനം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാരോപിച്ച് ഡോക്ടർമാർ പ്രതിഷേധത്തിലായിരുന്നു. ഡോക്ടർമാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കം സമര പരിപാടികളും നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതി കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

Related Articles

Latest Articles