Friday, May 17, 2024
spot_img

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസ്! അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതി യാഹ്യാ ഖാനെ ഇന്റർപോളിന്റെ സഹായത്തോടെ ഷാർജയിൽ നിന്ന് പിടികൂടി !

പാലായിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ക്രൂര ബലാത്സംഗംത്തിനിരയാക്കിയ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ വച്ച് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാ ഖാനെയാണ് (43) ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിമാന മാർഗം ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടി കൊച്ചിയിൽ എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടുകൾ കയറിയിറങ്ങി പാത്ര കച്ചവടം നടത്തിയിരുന്ന പ്രതി പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മാനസിക വൈകല്യമുള്ള പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പ്രതിയെ പിടികൂടുന്നതിനുവേണ്ടി എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തി. യാഹ്യാ ഖാനെ വിദേശത്തുനിന്നും പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്റർപോൾ 2024 ജനുവരിയിൽ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles