Sunday, May 19, 2024
spot_img

ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ് ; ശിക്ഷാവിധിയിൽ വാദം ഇന്ന്

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിയിൽ വാദം ഇന്ന്. പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷാവിധിയിൽ വാദം ഇന്ന് കേൾക്കുന്നത്. ജഡ്ജി കെ.സോമനാണ് കേസ് പരിഗണിക്കുന്നത്.

വാദം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചേക്കും. പ്രതിയ്‌ക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞിരുന്നു. അതേസമയം, പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചത്. വാദത്തിനിടെ ഇയാളുടെ മാനസിക ആരോഗ്യം സംബന്ധിച്ച വിവരങ്ങളും കോടതി തേടിയിരുന്നു. പ്രതിയ്‌ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ മാനസിക നില പരിശോധന റിപ്പോർട്ടുകൾ സർക്കാരും, ജയിൽ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയിൽ മുദ്രവെച്ച കവറിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

ക്രൂരത നടന്ന് നൂറാം ദിവസമാണ് കോടതിയുടെ വിധി വന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒക്ടോബർ നാലിന് കേസിൽ വിചാരണ ആരംഭിച്ചു. ബീഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവർ താമസിക്കുന്ന വീടിന് സമീപമാണ് അസ്ഫാക് ആലവും താമസിച്ചിരുന്നത്. ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Articles

Latest Articles