Wednesday, May 22, 2024
spot_img

വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസ്; വില്ലേജ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

ഇടുക്കി: വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2008-2009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം. പണം വാങ്ങവെ ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്പി കെവി. ജോസഫ് കൈയോടെ പിടികൂടി. ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി പിറ്റി കൃഷ്ണൻകുട്ടിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്കൊടുവില്‍ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്‌ളിക് പ്രോസിക്യൂട്ടർമാരായ രാജ് മോഹൻ ആർ പിള്ള, സരിത. വി. എ. എന്നിവർ ഹാജരായി.

Related Articles

Latest Articles