Tuesday, November 3, 2026

പോലീസിനും ആഭ്യന്തരമന്ത്രിക്കും വെല്ലുവിളി: അർജുൻ ആയങ്കിക്കായി സ്പെഷ്യൽ സ്ക്വാഡ് ! തിരച്ചിൽ ഊർജിതം

കൊച്ചി: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമായി വെല്ലുവിളിച്ച് ഒളിവിലിരിക്കുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ആലുവ റൂറൽ എസ്പി കെ.എസ്.സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച 10 അംഗ സ്ക്വാഡിന് മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് മേൽനോട്ടം വഹിക്കുന്നത്. ഊന്നുകൽ ഇൻസ്പെക്ടറും രണ്ട് എസ്ഐമാരും ഉൾപ്പെടുന്ന സംഘം എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ അവസാന ലൊക്കേഷൻ എറണാകുളത്താണെന്ന് കണ്ടെത്തിയെങ്കിലും ഇയാൾ സ്ഥലം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേസന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് അസഭ്യവർഷവും ഭീഷണിയും അടങ്ങിയ വോയ്സ് ക്ലിപ്പ് അയച്ചുകൊടുക്കുകയും ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തത്. ‘കഴിയുമെങ്കിൽ എന്നെ പിടികൂടൂ’ എന്ന് വെല്ലുവിളിച്ച പ്രതി, തന്നെയും സുഹൃത്തുക്കളെയും പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചിരുന്നു. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ഈ പുതിയ വെല്ലുവിളി. ഒളിവിലിരുന്നുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം സജീവമാകുന്ന പ്രതിയെ എത്രയും വേഗം വലയിലാക്കാൻ സകല പഴുതുകളും അടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

Related Articles

Latest Articles